ന്യൂദല്‍ഹി: പാര്‍ട്ടി വിട്ട് പോകുന്ന ഭീരുക്കളെ തടഞ്ഞ് വെക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന് വേണ്ടത് ഭയമില്ലാത്ത ആളുകളെയാണെന്നും രാഹുല്‍ഗാന്ധി തുറന്നടിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ സോഷ്യല്‍ മീഡിയ യൂണിറ്റിന്റെ യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഭയമില്ലാത്ത നിരവധി പേര്‍ പാര്‍ട്ടിക്ക് പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരും. ആര്‍.എസ്.എസ്. ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
‘സംഘപരിവാര്‍ ആശയത്തില്‍ വിശ്വസിക്കുന്നവരെ കോണ്‍ഗ്രസിന് ആവശ്യമില്ല. അത്തരം ആളുകള്‍ക്ക് പാര്‍ട്ടിക്ക് പുറത്താണ് സ്ഥാനം.
ഭയമില്ലാത്ത നിരവധി പേരുണ്ട്. അവരൊന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തല്ല ഉള്ളത്. അത്തരം ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടു വരണം. എന്നിട്ട് ആര്‍.എസ്.എസിനെ പേടിച്ച് കഴിയുന്നവരെയൊക്കെ പുറത്താക്കണം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
बहुत सारे बाहरी नेता हैं जो डर नहीं रहे बीजेपी-आरएसएस से, उन्हें पार्टी में लाओ और जो हमारे यहां डर रहे हैं, उन्हें भगाओ, आरएसएस के हो तो जाओ मजे लो…हमें जरूरत नहीं है तुम्हारी: राहुल गांधी pic.twitter.com/71G97nupit
ആര്‍.എസ്.എസ്. ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ അതിനായി പോയിക്കോളൂ. നിങ്ങളെ പാര്‍ട്ടിക്ക് വേണ്ട. അതാണ് കോണ്‍ഗ്രസിന്റെ നിലപാട് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഏറ്റവും ഒടുവില്‍ ജിതിന്‍ പ്രസാദയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാക്കളിലൊരാള്‍. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടി വിട്ടിരുന്നു.
ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടതിന് പിന്നാലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും പാര്‍ട്ടി വിട്ടേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ താന്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്.
പഞ്ചാബ് കോണ്‍ഗ്രസിലും രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി തുറന്നടിച്ച് രംഗത്തെത്തിയത്.