| Wednesday, 24th April 2019, 10:25 am

ഹരിയാനയിലും സഖ്യം വേണമെന്ന നിബന്ധന കെജ്‌രിവാള്‍ ഉപേക്ഷിച്ചാല്‍ ദല്‍ഹിയില്‍ ആ നിമിഷം എ.എ.പിയുമായി സഖ്യമുണ്ടാകും; നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയിലും സഖ്യം വേണമെന്ന നിലപാട് എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഉപേക്ഷിക്കുകയാണെങ്കില്‍ ദല്‍ഹിയില്‍ എ.എ.പിയുമായി സഖ്യത്തിന് തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി. അവസാന നിമിഷംവരെ ദല്‍ഹിയില്‍ എ.എ.പിയുമായി സഖ്യത്തിന് തയ്യാറാവാമെന്നും രാഹുല്‍ വ്യക്തമാക്കി.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതിവരെ സഖ്യത്തിനുള്ള സാധ്യത നിലനില്‍ക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ട് നവഭാരത് ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ അവസാന നിമിഷംവരെ ഞങ്ങള്‍ സഖ്യത്തിന് തയ്യാറാണ്. ഹരിയാനയിലും സഖ്യം വേണമെന്ന നിബന്ധന കെജ്‌രിവാള്‍ ഉപേക്ഷിക്കുന്ന നിമിഷം അത് സംഭവിച്ചിരിക്കും.’ എന്നാണ് രാഹുല്‍ പറഞ്ഞത്.

ദല്‍ഹിയില്‍ എ.എ.പിക്ക് നാലു സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമെന്ന ഫോര്‍മുല കെജ്‌രിവാള്‍ തന്നെയാണ് മുന്നോട്ടുവെച്ചതെന്നും രാഹുല്‍ പറഞ്ഞു. ‘ നേരത്തെ ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ആ ഫോര്‍മുലയോട് യോജിച്ചിരുന്നില്ല. പക്ഷേ ദല്‍ഹി നേതാക്കളെ ഞങ്ങള്‍ ബോധ്യപ്പെടുത്തി വരുമ്പോഴേക്കും സഖ്യം ഹരിയാനയില്‍ കൂടി വ്യാപിപ്പിക്കണമെന്ന നിബന്ധന കെജ്‌രിവാള്‍ മുന്നോട്ടുവെക്കുകയായിരുന്നു.’ എന്നും രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി എ.എ.പി-കോണ്‍ഗ്രസ് സഖ്യത്തിന് വലിയ താല്‍പര്യം കാണിക്കുന്നില്ലെന്ന് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ വിഭജിക്കാനുള്ള പ്രവര്‍ത്തനമാണ് രാഹുല്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ലോകത്തെവിടെയാണ് ട്വിറ്ററിലും മാധ്യമങ്ങളിലുമുള്ള പ്രസ്താവനയുടെ ചുവടുപിടിച്ച് സഖ്യം രൂപപ്പെട്ടിട്ടുള്ളത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്. അദ്ദേഹത്തിന് സഖ്യം വേണമെങ്കില്‍ ചര്‍ച്ച നടത്തണം. സഖ്യം വേണമെന്ന് നടക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.’ എന്നാണ് കെജ്‌രിവാള്‍ പറഞ്ഞത്.

ഹരിയാനയിലെ എല്ലാ പത്തുസീറ്റുകളിലും ബി.ജെ.പി ജയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. സഖ്യമുണ്ടായാല്‍ ഹരിയാനയില്‍ ബി.ജെ.പിക്ക് എട്ടു സീറ്റെങ്കിലും നഷ്ടമാകുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more