'അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടി.വിയില്‍ ഡയറക്ടര്‍'
national news
'അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ഉദ്യോഗസ്ഥന്‍ എന്‍.ഡി.ടി.വിയില്‍ ഡയറക്ടര്‍'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st August 2023, 9:56 pm

മുംബൈ: അദാനി കമ്പനികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സെബി ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനമായ എന്‍.ഡി.ടി.വിയില്‍  ഡയറക്ടറാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യാജപേരില്‍ അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച പണം ആരുടേതെന്നും രാഹുല്‍ മുംബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

‘അദാനികള്‍ക്കെതിരെ അന്വേഷണം നടത്തിയ ആള്‍ ഇപ്പോള്‍ അദാനിമാരുടെ ജോലിക്കാരനാണ് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. അപ്പോള്‍ അന്വേഷണത്തിന്റെ സ്വഭാവം നിങ്ങള്‍ക്ക് ഊഹിക്കാം. പ്രധാനമന്ത്രിക്ക് അന്വേഷണം ആവശ്യമില്ലാത്തതിനാല്‍ അന്വേഷണം നടന്നിട്ടില്ലെന്ന് വ്യക്തമാണ്,’ രാഹുല്‍ പറഞ്ഞു.

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഗാര്‍ഡിയന്റെയും എഫ്.ടി.യുടെയും പുതിയ വെളിപ്പെടുത്തലുകളുടെ പകര്‍പ്പ് എടുത്തുകാണിച്ചാണ് രാഹുല്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചത്. ഈ ചിത്രം അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു.

‘ലോകത്തിലെ രണ്ട് വലിയ പത്രങ്ങള്‍ പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ഇത് ഇന്ത്യയുടെ അഭിമാനത്തിന് കളങ്കമാണ്.

പ്രധാനമന്ത്രി, ഈ ബന്ധത്തെ എന്താണ് വിളിക്കുന്നത്? അദാനിക്കെതിരെ സമഗ്രമായ അന്വേഷണം നടത്താന്‍ നിങ്ങള്‍ എന്തിനാണ് മടിക്കുന്നത്?,’ രാഹുല്‍ എക്‌സില്‍ കുറിച്ചു.

അദാനിക്കെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

‘അദാനിക്കെതിരായ വാര്‍ത്തകള്‍ രാജ്യാന്തരതലത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ജി20 ഉച്ചകോടി ദല്‍ഹിയില്‍ ചേരാനിരിക്കെ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കി. വിനോദ് അദാനിയുടെ പങ്കാളി ചൈനീസ് പൗരനാണ്. എന്തുകൊണ്ടാണ് അദാനിക്കുമാത്രം ഇത്രയും സംരക്ഷണം ലഭിക്കുന്നത്,’ രാഹുല്‍ ചോദിച്ചു.

ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലുള്ള ചില വ്യാജ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനിയില്‍ രഹസ്യ നിക്ഷേപം നടത്തിയെന്ന റിപ്പോര്‍ട്ട് ഇന്നായിരുന്നു പുറത്ത് വന്നത്. ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് (ഒ.സി.സി.ആര്‍.പി) ആണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രഹസ്യ നിക്ഷേപം നടത്തിയതില്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ പങ്കും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Rahul Gandhi has said that the SEBI official who gave a clean chit to Adani companies is now the director of NDTV