| Thursday, 12th July 2018, 8:24 am

പേരറിവാളനെ മോചിപ്പിക്കുന്നതില്‍ രാഹുലിന് എതിര്‍പ്പില്ല: 27 വര്‍ഷത്തെ തടവുശിക്ഷ വേദനാജനകമെന്നും സംവിധായകന്‍ പാ രഞ്ജിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ സ്വതന്ത്രനാക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പില്ലെന്ന് സംവിധായകന്‍ പാ രഞ്ജിത്. ദല്‍ഹിയില്‍ രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേരറിവാളന്റെ മോചനവുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിലപാട് കൂടിക്കാഴ്ചയ്ക്കിടെ ആരാഞ്ഞുവെന്നും, അദ്ദേഹം അനുകൂലമായാണ് പ്രതികരിച്ചതെന്നും പാ രഞ്ജിത് പറയുന്നു.

“പേരറിവാളന്റെ മോചിപ്പിക്കണെമെന്ന അഭ്യര്‍ത്ഥന ഞാന്‍ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടും അന്വേഷിച്ചു. എന്നാല്‍ തനിക്ക് എതിര്‍പ്പില്ലെന്നും ആവശ്യമെങ്കില്‍ മോചനത്തിനു വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.” രഞ്ജിത് മാധ്യമങ്ങളോടു പറഞ്ഞു.


Also Read: ഫോര്‍മാലിന്‍ മത്സ്യവില്‍പ്പന വ്യാപകം; അന്യ സംസ്ഥാന മത്സ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആസാം


പേരറിവാളന്റെ തടവുശിക്ഷയെ വേദനാജനകം എന്നാണ് പാ രഞ്ജിത് വിശേഷിപ്പിച്ചത്. ഒരു ബാറ്ററി വാങ്ങിച്ചു നല്‍കിയ കുറ്റത്തിന് 27 വര്‍ഷങ്ങള്‍ ജയിലില്‍ ചെലവഴിക്കേണ്ടിവന്ന സാധാരണക്കാരനാണ് പേരറിവാളനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച അവസാനിക്കാറായ ഘട്ടത്തിലാണ് ഈ അഭ്യര്‍ത്ഥന മുന്നോട്ടുവയ്ക്കണമെന്നു തനിക്ക് തോന്നിയതെന്നും രഞ്ജിത് പറയുന്നു.

മകന്റെ മോചനത്തിനായി വര്‍ഷങ്ങളായി പോരാടിക്കൊണ്ടിരിക്കുന്ന അര്‍പ്പുതാമ്മാളിനെ സന്ദര്‍ശിച്ച കാര്യവും പാ രഞ്ജിത് പരാമര്‍ശിച്ചു. സുതാര്യമായ സംഭാഷണമായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷനുമായി നടന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ക്രൊയേഷ്യന്‍ താരം വിദയെ കൂവി റഷ്യന്‍ ആരാധകര്‍


രഞ്ജിതുമൊത്തുള്ള ചിത്രം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തുകൊണ്ട് നേരത്തേ തന്നെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടിരുന്നു.

“” മദ്രാസ്, കബാലി, കാലാ തുടങ്ങിയ ബ്ലോക്ബെസ്റ്റര്‍ സിനിമകളുടെ സംവിധായകനായ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തെ കുറിച്ചും സിനിമയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. അദ്ദേഹവുമൊത്തുള്ള സമയം ഏറെ ആസ്വദിച്ചു. ഇനിയും ഇത്തരം അവസരങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു””- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Latest Stories

We use cookies to give you the best possible experience. Learn more