| Thursday, 6th August 2020, 7:50 pm

സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാനാരംഭിച്ച് രാഹുല്‍ ഗാന്ധി; നീക്കം മടങ്ങി വരവ് ആവശ്യമുയര്‍ന്നിരിക്കേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി സ്ഥാനം രാജിവെച്ചത്. അതിന് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലടക്കം രാഹുല്‍ ഗാന്ധി സജീവമായിരുന്നില്ല. ലോക്ഡൗണിനിടെ വിവിധ വിഷയങ്ങളില്‍ പല പ്രമുഖരുമായും ചര്‍ച്ചകള്‍ നടത്താനും കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയുമായിരുന്നു രാഹുല്‍ ഗാന്ധി.

അതിനിടയില്‍ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയ്ക്കകത്ത് ആവശ്യമുയര്‍ന്നിരുന്നു. ഓരോ കേന്ദ്ര പ്രവര്‍ത്തക സമിതിയിലും രാഹുല്‍ ഗാന്ധി മടങ്ങിവരമെന്ന് ആവശ്യമുയരുന്നുണ്ട്. എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സജീവമായിരിക്കെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആരംഭിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബീഹാറിലാണ് രാഹുല്‍ എത്തിയത്.

ബീഹാറിലെ സംസ്ഥാന നേതാക്കളും വിവിധ ബ്ലോക്ക് കമ്മറ്റികളില്‍ നിന്നുമുള്ള നേതാക്കളും പങ്കെടുത്ത വിര്‍ച്വല്‍ റാലിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്തു.

സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് സംസാരിച്ചു. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ടിനോടും നാല് വര്‍ക്കിംഗ് പ്രസിഡണ്ടുമാരോടും ജില്ലാ, ബ്ലോക്ക് പ്രസിഡണ്ടുമാരോടും രാഹുല്‍ ഗാന്ധി സംസാരിച്ചെന്ന് സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള ശക്തി സിങ് ഗോഹില്‍ എം.പി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ 70 സീറ്റുകള്‍ ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മഹാസഖ്യത്തില്‍ നേരത്തെയുണ്ടായിരുന്ന ജനതാദള്‍ യുണൈറ്റഡ് മത്സരിച്ചിരുന്ന നൂറോളം സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി വീതം വെയ്ക്കണമെന്നാണ് ആര്‍.ജെ.ഡിയ്ക്ക് പുറത്തുള്ള കക്ഷികള്‍ ആവശ്യപ്പെടുന്നത്.

Content Highlight: RAHUL GANDHI CONGRESS BIHAR ELECTION PROCESS

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more