| Wednesday, 8th May 2019, 10:51 pm

രാഹുല്‍ഗാന്ധി കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയോയെന്ന് സ്മൃതി ഇറാനി, അതെ എന്ന് ജനങ്ങളുടെ മറുപടി; വൈറലായി വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൂടി നിന്ന ആളുകളോട് ചോദ്യം ചോദിച്ച് പരുങ്ങലിലായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അശോക് നഗറില്‍ നടന്ന പരിപാടിയ്ക്കിടെയാണ് സംഭവം.

പ്രസംഗത്തിനിടെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും വാഗ്ദാനം ചെയ്തത് പോലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയോയെന്ന് സ്മൃതി ഇറാനി ചോദിച്ചപ്പോള്‍ ജനക്കൂട്ടം അതേ കടങ്ങള്‍ എഴുതി തള്ളിയെന്ന് മറുപടി നല്‍കുകയായിരുന്നു. ജനങ്ങളുടെ മറുപടി അര മിനുട്ടോളം നീണ്ട് നിന്നപ്പോള്‍ സ്മൃതി ഇറാനിയ്ക്ക് പ്രസംഗം നിര്‍ത്തി വെക്കേണ്ടിയും വന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്.

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പാ ഇളവ് പദ്ധതിയിലൂടെ മധ്യപ്രദേശില്‍ ഗുണം ലഭിച്ചിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

അതേസമയം കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയെന്നത് കള്ളമാണെന്ന് പറഞ്ഞ ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാന്റെ വീട്ടിലേക്ക് വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടെയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് തുറന്ന ജീപ്പില്‍ ചൗഹാന്റെ വീടിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more