രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി
national news
രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th March 2023, 2:33 pm

ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ പ്രതിയാണെന്ന കോടതി വിധിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഉത്തരവ്. ലോക്‌സഭാ സെക്രട്ടേറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.

2019ല്‍ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.

വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതിയുടെ മുന്‍ വിധി പ്രകാരം രണ്ട് വര്‍ഷമോ അതില്‍ അധികമോ ശിക്ഷ ലഭിച്ചവര്‍ അയോഗ്യരാകുമെന്ന് ഇപ്രകാരം രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സിറ്റിങ് എം.പി എന്ന നിലക്ക് വിധിയിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതില്ലെന്നും 30 ദിവസത്തിനുള്ളിൽ വിധിക്കെതിരെ അപ്പീൽ നൽകാമെന്നും സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചിരുന്നു. ഇതിനിടെയാണ് അയോ​ഗ്യനാക്കി കൊണ്ടുള്ള ഉത്തരവ് വന്നിരിക്കുന്നത്.

2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചെന്ന കേസിൽ രാഹുൽ ​ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. രണ്ട് വർഷം തടവിനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ കോടതി ​രാഹുൽ ​ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്.

രാജ്യത്തെ കള്ളന്മാർക്കൊക്കെ എന്തുകൊണ്ടാണ് മോദിയെന്ന സർനെയിം ഉള്ളതെന്നായിരുന്നു രാഹുൽ പറഞ്ഞത്. ലളിത് മോദിയെയും നീരവ് മോദിയെയും പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്. രാജ്യത്തെ കള്ളന്മാർക്കൊക്കെ എന്തുകൊണ്ടാണ് മോദിയെന്ന സർനെയിം ഉള്ളതെന്നായിരുന്നു രാഹുൽ പറഞ്ഞത്. ലളിത് മോദിയെയും നീരവ് മോദിയെയും പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ പതിനായിരം രൂപയുടെ ബോണ്ടിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Content Highlight: Rahul Gandhi has been disqualified from MP post