രാജ്യത്തെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. പ്രളയ ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ബീഹാര്‍, ആസാം, ഒഡീഷ എന്നിവിടങ്ങളിലെ മനുഷ്യര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.
I request Congress workers & leaders, citizens & NGOs working in Kerala to help with relief operations in flood hit areas of Wayanad.
I hope the State Govt will release a generous financial rehabilitation package to help those who’ve been impacted by the floods.
— Rahul Gandhi (@RahulGandhi) August 8, 2019
കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച എട്ടുജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മുഴുവന്‍ പി.എസ്.സി പരീക്ഷകളും മാറ്റി.
എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 24 മണിക്കൂറിനിടയില്‍ 24 സെന്റീമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമ്പതാം തിയ്യതി വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും. 10-ാം തിയ്യതി മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്.
11, 12 തിയ്യതികളില്‍ മഴയില്‍ കുറവ് സംഭവിക്കും. എന്നാലും വടക്കോട്ടുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. 24 മണിക്കൂറിനുള്ളില്‍ ഏഴുമുതല്‍ 14 സെന്റീമീറ്റര്‍ വരെ മഴ പെയ്തേക്കും.
കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എട്ടുമുതല്‍ 11-ാം തിയ്യതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 12-ാം തിയ്യതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമാണ്.
മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോട്ടയത്ത് മണിമലയാര്‍ പുഴ കരകവിഞ്ഞൊഴുകി. മുണ്ടക്കയത്ത് വീടുകളില്‍ വെള്ളം കയറി. വളപട്ടണം പുഴയും കരകവിഞ്ഞൊഴുകുകയാണ്. പമ്പയിലും ജലനിരപ്പ് ഉയരുകയാണ്.
കനത്ത മഴ വയനാട് ജില്ലയെ സാരമായി ബാധിച്ചിട്ടുണ്ട്. വയനാട് കുഞ്ഞോം കോളനിയില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.
ഇടുക്കിയില്‍ വ്യാപക മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെറുതോണി ചുരുളിയിളും നേര്യമംഗലം റൂട്ടിലും മണ്ണിടിഞ്ഞു. പന്നിയാര്‍ക്കുട്ടി, രാജാക്കാട്, വെള്ളത്തൂവല്‍ മേഖലകളിലും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കനഗറില്‍ വീടുകളിലേയ്ക്ക് വെള്ളം കയറുകയാണ്.
ഇടുക്കി-എറണാകുളം റൂട്ടില്‍ വാഹനഗതാഗതം തടസപ്പെട്ടു. മൂന്നാറില്‍ വെള്ളപ്പൊക്കമാണെന്നാണ് റിപ്പോര്‍ട്ട് വരുന്നത്. വീടുകളില്‍ വെള്ളം കയറി. റോഡുകളും പാലങ്ങളും വെള്ളത്തിനടിയിലായി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ടു.
അഴുത ചെക്ക് ഡാം നിറഞ്ഞൊഴുകി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മിക്കയിടത്തും വൈദുതി ബന്ധം തകരാറിലായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്.