ഹരിദ്വാര്‍: ഹരിദ്വാറില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ബി.ജെ.പി കൊടിയുയര്‍ത്തി മോദി അനുകൂല മുദ്രാവാക്യം വിളിയുയര്‍ന്നെന്ന റിപ്പോര്‍ട്ടുകളുടെ നിജസ്ഥിതി വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക. രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവരല്ല മുദ്രാവാക്യം വിളിച്ചതെന്നും റോഡ് ഷോ കടന്നുപോകുന്ന വഴിയില്‍ ബി.ജെ.പി എം.പി ഹേമമാലിനിയുടെ റാലിയില്‍ പങ്കെടുക്കാനെത്തിയവരാണ് മോദി മോദിയെന്നു മുദ്രാവാക്യം വിളിച്ചതെന്നുമാണ് ന്യൂസ്എക്‌സ് റിപ്പോര്‍ട്ടര്‍ സുപ്രിയ ഭരദ്വാജ് പറയുന്നത്.
റോഡ് ഷോയില്‍ ബി.ജെ.പി കൊടിയുയര്‍ന്നോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ ബി.ജെ.പി എം.പി ഹേമമാലിനിയുടെ റാലിയെ മറികടക്കുന്ന വേളയിലായിരുന്നു അതെന്നാണ് സുപ്രിയ വിശദീകരിക്കുന്നത്.
പിന്നീട് ട്വിറ്ററിലൂടെ സുപ്രിയ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. “ബി.ജെ.പി എം.പി ഹേമമാലിനിയുടെ റാലിയുണ്ടായിരുന്നു. രാഹുലിന്റെ പരിപാടി അതുവഴി കടന്നുപോകുകയായിരുന്നു. മുദ്രാവാക്യം വിളിയുയര്‍ന്ന വേളയില്‍ രാഹുല്‍ അവിടെ അല്പനേരം നിര്‍ത്തുകയും അവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.” സുപ്രിയ ട്വീറ്റു ചെയ്തു.
എന്നാല്‍ രാഹുലിന്റെ പരിപാടിയില്‍ ആളുകള്‍ ബി.ജെ.പി കൊടിയുയര്‍ത്തിയെന്ന നിലയിലാണ് മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. ” കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ ഹരിദ്വാര്‍ റോഡ് ഷോയില്‍ ജനങ്ങള്‍ ബി.ജെ.പി കൊടിയുയര്‍ത്തുന്നു.” എന്ന കുറിപ്പോടെയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ഈ വീഡിയോ പുറത്തുവിട്ടത്.
അതേസമയം മുദ്രാവാക്യം വിളികളെ വളരെ പോസിറ്റീവായാണ് രാഹുല്‍ഗാന്ധി നേരിട്ടത്. ബി.ജെ.പി പ്രവര്‍ത്തകരെ നന്ദി അറിയിച്ച രാഹുല്‍ ബി.ജെ.പി പ്രവര്‍ത്തകരും തന്റെ പ്രസംഗം കേള്‍ക്കാനെത്തിയതില്‍ സന്തോഷമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.