ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ കൂടികാഴ്ച്ച വിവാദത്തില്‍ രാഹുലിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്.
രാഹുല്‍ ഗാന്ധി ജന്മനാ നുണയനാണ് എന്നായിരുന്നു സ്മൃതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാഹുലുമായി സാമൂഹ്യമായ ബന്ധം തുടരുന്നതു പോലും അപകടകരമാണെന്നും അവര്‍ പറഞ്ഞു.
“നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് രാഹുലുമായി സാമൂഹിക ബന്ധം പോലും നിലനിര്‍ത്തുന്നത് അപകടമാണെന്നാണ്. കോളേജ് തെരഞ്ഞെടുപ്പിന്റെ മാനസികാവസ്ഥയിലാണോ രാഹുല്‍, അല്ലെങ്കില്‍ അദ്ദേഹം ജന്മനാ ഒരു നുണയമായിരിക്കുമോ?” സ്മൃതി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അക്കാര്യം പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ നടത്തിയ പ്രസംഗത്തില്‍ റഫാല്‍ കരാറില്‍ മോദി മാറ്റം വരുത്തിയത് പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അറിയാതെയാണെന്നും അത് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി. ഇതാണ് പിന്നീട് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്.
പിന്നാലെ അമിത്ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
എന്നാല്‍ താന്‍ പ്രസംഗത്തില്‍ പറഞ്ഞത് നേരത്തെ തന്നെ പൊതുജനമധ്യത്തിലുള്ള കാര്യമാണെന്നും പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലെ ഒരു വിവരവും പുറത്ത് പറഞ്ഞിട്ടില്ലെന്നും പിന്നീട് രാഹുല്‍ വ്യക്തമാക്കിയിരുന്നു.