| Monday, 18th June 2018, 8:40 am

രാജ്യസഭ സീറ്റ്; കോണ്‍ഗ്രസ്സ് സീറ്റ് മറ്റു പാര്‍ട്ടികള്‍ക്ക് കൊടുക്കുന്നതിലെ അതൃപ്തി രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സില്‍ പരസ്യ കലാപത്തിന് വഴിയൊരുക്കിയ രാജ്യസഭ വിഷയത്തില്‍ പുതിയ വെളിപ്പെടത്തലുകളുമായി ഹൈക്കമാന്റ് വൃത്തങ്ങള്‍. കോണ്‍ഗ്രസ്സിന്റെ രാജ്യസഭ സീറ്റ് മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടു കൊടുക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്ന കാര്യം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനൊപ്പം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം ഹസനും രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ തന്റെ അതൃപ്തി അറിയിച്ചത്.

സ്വന്തം രാജ്യസഭ സീറ്റ് മറ്റു പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസ്സിന് ഗുണം ചെയ്യില്ലെന്നായിരുന്നു രാഹുലിന്റെ അഭിപ്രായം. സംസ്ഥാന നേതാക്കളോട് അദ്ദേഹം ഇത് വ്യക്തമാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൊടുക്കുന്നത് അനിവാര്യമാണെന്ന് സംസ്ഥാന നേതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തീരുമാനവുമായി മുന്നോട്ട് പോകാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അന്തിമ തീരുമാനം.


Also Read പൊലീസില്‍ ഒരുപാട് അലവലാതികളുള്ള കാലമാണിത്; ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും ഇപ്പോള്‍ പൊലീസാണ് കൂട്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍


ഈ ചര്‍ച്ചക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടിയും ജോസ് കെ. മാണിയും മീറ്റിങ്ങിലേക്കെത്തിയത്. കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കണമെന്ന വിഷയം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് വഴി ആദ്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചപ്പോഴും പുനരാലോചനക്ക് വിധേയമാക്കണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദ്ദേശം.

സംസ്ഥാന നേതാക്കള്‍ സീറ്റ് വിഷയത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും മറച്ചുപ്പിടിക്കുകയായിരുന്നെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് യഥാര്‍ത്ഥ അവസ്ഥ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

രാജ്യസഭ സീറ്റ് വിഷയത്തിലെ അതൃപ്തിയും പ്രതിഷേധവും അറിയിക്കാനെത്തിയ കോണ്‍ഗ്രസ്സിലെ ചില അംഗങ്ങളോട് രാഹുല്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും യുവ നേതാക്കളും മുതിര്‍ന്ന കോണ്‍ഗ്രസ്സ് അംഗങ്ങളും കേരള കോണ്‍ഗ്രസ്സിന് സീറ്റ് നല്‍കിയതിലെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more