| Friday, 25th September 2020, 4:20 pm

സ്റ്റാലിന്‍ മുഖ്യമന്ത്രിയാവുക എന്നത് രാഹുല്‍ ഗാന്ധിയുടെ കൂടി ആഗ്രഹം: ദിനേഷ് ഗുണ്ടു റാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന് കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നും ഇതിനായി തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടി പോരാടുമെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് ദിനേഷ് ഗുണ്ടു റാവു.

പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം ആദ്യ മായി സംസ്ഥാന സന്ദര്‍ശനത്തിനെത്തിയ ദിനേഷ് ഗുണ്ടു റാവു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം വളരെ ശക്തമാണെന്നും തെരഞ്ഞെടുപ്പ് തങ്ങള്‍ തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.

2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്റ്റാലിനെ തമിഴ്നാട് മുഖ്യമന്ത്രിയായി കാണാനുള്ള ആഗ്രഹം നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചിരുന്നെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.

ഒരൊറ്റ പാര്‍ട്ടി ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സ്വേച്ഛാധിപത്യ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ള ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നില്ലെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. നീറ്റിന്റെ കാര്യം എടുത്താല്‍ തന്നെ എല്ലാ സഹായത്തിനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായം തേടേണ്ട അവസ്ഥയാണ്

കര്‍ഷകരുടെ ഉപജീവനമാര്‍ഗം നശിപ്പിക്കുന്നതാണ് അടുത്തിടെ പാസാക്കിയ കാര്‍ഷിക ബില്ലുകളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ യാതൊരു ചര്‍ച്ചയുമില്ലാതെ ബില്ലുകള്‍ പാസാക്കുകയായിരുന്നെന്നും ബില്ലുകളെ എതിര്‍ത്തുകൊണ്ടുള്ള മെമ്മോറാണ്ടത്തില്‍ ജനങ്ങളില്‍ നിന്ന് രണ്ട് കോടി ഒപ്പുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമാഹരിക്കുമെന്നും ദിനേഷ് ഗുണ്ടു പറഞ്ഞു.

എ.ഐ.എ.ഡി.എം.കെ ബില്ലിനെ പിന്തുണച്ചതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം അവര്‍ ബില്ലിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേരുകയായിരുന്നു വേണ്ടെതെന്നും പറഞ്ഞു.

കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ഉണ്ടാകുന്ന സാഹചര്യം കൈകാര്യം ചെയ്യാന്‍ കേന്ദ്രം കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന് ആരോപിച്ച അദ്ദേഹം 20 ലക്ഷം കോടി രൂപ അനുവദിക്കുമെന്ന വാഗ്ദാനമൊക്കെ വെറും തട്ടിപ്പാണെന്നും പറഞ്ഞു.

ബി.ജെ.പി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ വികസനം കുറഞ്ഞുവെന്നും ഇന്ന് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളേക്കാള്‍ ഏഴെ താഴെയാണ് ഇന്ത്യയുടെ സ്ഥാനമെന്നും ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi had expressed his desire to see Stalin as the Chief Minister of Tamil Nadu, Gundu Rao

We use cookies to give you the best possible experience. Learn more