| Friday, 7th June 2024, 12:17 pm

ബി.ജെ.പി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബി.ജെ.പി നല്‍കിയ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം നല്‍കി ബെംഗളൂരു കോടതി. ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് കരാറുകാരില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ വാങ്ങിയെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

ഇതിനെതിരെ നല്‍കിയ കേസിലാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍. ഈ കേസുമായി ബന്ധപ്പെട്ട് ഡി.കെ. ശിവകുമാറിനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

രാഹുല്‍ ഗാന്ധി ഇന്ന് ബെംഗളൂരു കോടതിയില്‍ ഹാജരായിരുന്നു. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും രാഹുലിനൊപ്പം കോടതിയില്‍ എത്തിയിരുന്നു.

കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ സംസ്ഥാനത്തെ അന്നത്തെ ബി.ജെ.പി സര്‍ക്കാരിനെതിരെ വന്ന പോസ്റ്റ് രാഹുല്‍ ഗാന്ധി പങ്കുവെച്ചതിന് പിന്നാലെയാണ് കേസില്‍ അദ്ദേഹവും ഉള്‍പ്പെട്ടത്.

അതിനിടെ, കര്‍ണാടകയില്‍ നിന്ന് വിജയിച്ച ഒമ്പത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുമായും തോറ്റ സ്ഥാനാര്‍ത്ഥികളുമായും രാഹുല്‍ ഗാന്ധി ഇന്ന് ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Content Highlight: Rahul Gandhi granted bail in defamation case filed by BJP

We use cookies to give you the best possible experience. Learn more