ന്യൂദൽഹി: ബി.ജെ.പി ‘സങ്കൽപ്പ് പത്ര’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടനപത്രികയ്ക്കെതിരേ വിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രകടന പത്രികയിൽ നിഴലിക്കുന്നത് നരേന്ദ്ര മോദി എന്ന ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും ജനങ്ങളുടെ അഭിപ്രായം തേടാതെയാണ് ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കിയതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
പ്രകടനപത്രിക ധാർഷ്ട്യം നിറഞ്ഞതും ധീർഘവീക്ഷണം ഇല്ലാത്തതും ആണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വിശദമായ ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് തങ്ങളുടെ പ്രകടനപത്രിക പുറത്തിറക്കിയതെന്നും ജനങ്ങളുടെ ശബ്ദമാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലൂടെ പ്രതിധ്വനിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ബി.ജെ.പി. പ്രകടന പത്രികയുടെ പ്രകാശനത്തിൽ വെച്ച് ‘എ.സി. മുറികളിൽ ഇരിക്കുന്നവർക്ക് ദാരിദ്ര്യത്തെ ഇല്ലാതാകാൻ കഴിയില്ല’ എന്ന് കോൺഗ്രസിനെ ലക്ഷ്യമാക്കി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഈ പരാമര്ശത്തിനുള്ള മറുപടി ആയി കൂടിയാണ് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് ദൽഹിയിൽ നടന്ന ചടങ്ങിൽ ‘സങ്കൽപ് പത്ര’ എന്ന പേരിൽ പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കഴിഞ്ഞ ബി.ജെ.പി. ഭരണത്തിലെ അഞ്ച് വർഷങ്ങൾ സുവർണ്ണലിപികളിൽ ആണ് എഴുതപ്പെടാൻ പോകുന്നതെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷായും അവകാശപ്പെട്ടിരുന്നു.