| Monday, 5th December 2022, 8:20 pm

ജോഡോ യാത്രക്കിടെ മോദി.. മോദി.. എന്ന് ആര്‍പ്പുവിളിച്ചവര്‍ക്ക് ഫ്‌ളയിങ് കിസ്സ് കൊടുത്ത് രാഹുല്‍ ഗാന്ധി; വീഡിയോ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം നടത്തുന്നതിനിടെ പ്രധാനമന്ത്രി മോദിയുടെ പേര് വിളിച്ചവര്‍ക്ക് വ്യത്യസ്തമായ മറുപടി നല്‍കി രാഹുല്‍ ഗാന്ധി.

രാജസ്ഥാനിലൂടെ യാത്ര കടന്നുപോകുമ്പോഴാണ് ജനക്കൂട്ടം മോദിയുടെ പേര് ആര്‍പ്പുവിളിച്ചത്. മോദി.. മോദി.. എന്ന് വിളിച്ച ആള്‍ക്കൂട്ടത്തിന് നേരെ ഫ്‌ളയിങ് കിസ്സ് നല്‍കിയാണ് രാഹുല്‍ പ്രതികരിച്ചത്.

ജോഡോ യാത്ര അഗര്‍ മാല്‍വ ജില്ലയിലൂടെ കടന്നുപോകുമ്പോള്‍ യാത്ര കാണാന്‍ നിന്ന ചിലര്‍ മോദി..മോദി.. എന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. മോദി സ്തുതി മുഴക്കിയ ജനക്കൂട്ടത്തിന് നേരെ രാഹുല്‍ ആദ്യം കൈ വീശി കാണിച്ചു. പിന്നാലെ ഫ്‌ളയിങ് കിസ്സുകളും നല്‍കുകയായിരുന്നു

മോദിയുടെ പേര് വിളിച്ചവര്‍ക്ക് നേരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി ഇവരെ അനുനയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. രാഹുലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പി.സി.സി അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്ര, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയെ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രദ്ധയോടെ കേള്‍ക്കൂ… ദേശീയ-സംസ്ഥാന മാധ്യമങ്ങളേ, ചരിത്രം നിങ്ങള്‍ക്ക് മാപ്പുതരില്ല’ ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇടപെടുകയും, വാര്‍ത്താസമ്മേളനത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകരെ ന്യായീകരിക്കുകയും ചെയ്തു.

ജനാധിപത്യത്തിന്റെ നാലാം തൂണെന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മാധ്യമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അതിന് ചരിത്രം മാപ്പുനല്‍കില്ലെന്നും ഗെലോട്ട് പറഞ്ഞു.

ഭാരത് ജോഡോ യാത്ര ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഈ യാത്ര വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.

‘ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സത്യത്തിന്റെയും അഹിംസയുടേയും പാതയിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. ഇതാണ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെ യാത്രയില്‍ അണിനിരത്താന്‍ സഹായകമായത്,’ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തിന് എത്തിയ മാധ്യമങ്ങള്‍ തങ്ങളുടെ ജോലി ശരിയായി ചെയ്യുന്നതിനാല്‍ അവരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ജയറാം രമേശ് പറഞ്ഞു. പക്ഷേ, മുഖ്യധാര മാധ്യമങ്ങളില്‍ ഭാരത് ജോഡോ യാത്ര സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നത് കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്കനുസരിച്ചല്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഞായറാഴ്ച വൈകീട്ടോടെയാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്. അശോക് ഗെലോട്ടും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് യാത്ര രാജസ്ഥാനില്‍ പര്യടനം നടത്തുന്നത്.

Content Highlight: Rahul Gandhi gives flying kiss to crowd chanting ‘Modi, Modi’ during Bharat Jodo Yatra

We use cookies to give you the best possible experience. Learn more