ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ കമല്‍നാഥിനും നേരെ അജ്ഞാതന്റെ വധഭീഷണിക്കത്ത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ഭോപ്പാലില്‍ എത്താനിരിക്കെയാണ് കത്ത് ലഭിച്ചത്.
ജുനി ഇന്‍ഡോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു മധുരപലഹാര കടയില്‍ നിന്നാണ് കത്ത് കണ്ടെത്തിയത്. നഗരത്തില്‍ പലയിടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് കത്തില്‍ ഭീഷണിയുണ്ട്. കമല്‍നാഥിന് നേരെ നിറയൊഴിക്കുമെന്നും രാഹുല്‍ ഗാന്ധിയെ വധിക്കുമെന്നുമാണ് കത്തില്‍ എഴുതിയിട്ടുള്ളത്.
‘ഇന്‍ഡോറിലെ പല സ്ഥലങ്ങളിലും ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകും. കമല്‍നാഥിന് നേരെ നിറയൊഴിക്കുകയും രാഹുലിനെ രാജീവ് ഗാന്ധിയുടെ അടുത്തേക്കയക്കുകയും ചെയ്യും,’ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
കത്തെഴുതിയ ആളെ കണ്ടെത്താന്‍ മധ്യപ്രദേശ് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇന്‍ഡോറിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലുള്ള എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. ആരെങ്കിലും തമാശക്കെഴുതിയ കത്താകാമെന്നാണ് പൊലീസ് നിഗമനം.
വധഭീഷണിക്കത്ത് ലഭിച്ച സാഹചര്യത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോട് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമല്‍നാഥ് പറഞ്ഞു.
‘പൊലീസ് സുരക്ഷാ കാര്യങ്ങള്‍ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്,’ കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നവംബര്‍ ഏഴ് മുതല്‍ മഹാരാഷ്ട്രയില്‍ പര്യടനം തുടരുകയാണ് ഭാരത് ജോഡോ യാത്ര. നവംബര്‍ 20ന് യാത്ര മധ്യപ്രദേശില്‍ പ്രവേശിക്കും.
Content Highlight: Rahul Gandhi gets death threat before Bharat Jodo Yatra entry into MP