ന്യൂദല്‍ഹി: അപകീര്‍ത്തിക്കേസില്‍ സുപ്രീം കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരായ കേസ് അസാധാരണമാണെന്നും കുറ്റം നിസാരമാണെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ എം.പി എന്ന നിലയില്‍ അത് തനിക്ക് വരുത്തിയ ദോഷം വലുതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി അഹങ്കാരിയാണെന്ന് പറഞ്ഞ ഗുജറാത്ത് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദിക്കുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലം. പരാതിക്കാരനായ പൂര്‍ണേഷ് മോദി തന്നെ അഹങ്കാരിയാണെന്ന് വിളിച്ചതും അപകീര്‍ത്തികരമാണെന്ന് രാഹുല്‍ പറഞ്ഞു. താന്‍ ക്ഷമാപണം നടത്തുന്നതിനായി ബി.ജെ.പി എം.എല്‍.എ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ പറയുന്നു. പരാതിക്കാരന്‍ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റത്തില്‍ താന്‍ നിരപരാധിയാണ്. മാപ്പ് പറയാന്‍ ഉദേശിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ മാപ്പ് പറയുമായിരുന്നെന്നും അദ്ദേഹം പറയുന്നു.
മോദി പരാമര്‍ശത്തിലെ ശിക്ഷ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ആഗസ്റ്റ് നാലിന് പരിഗണിക്കാനിരിക്കെയാണ് രാഹുല്‍ കോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് ബി.ആര്‍.ഗവായ്, പ്രശാന്ത് കിഷാര്‍ മിശ്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്.
അപകീര്‍ത്തി കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. സൂറത്ത് കോടതി ശിക്ഷിച്ച ശേഷവും രാഹുല്‍ ഗാന്ധി സമാന കുറ്റകൃത്യങ്ങള്‍ തുടര്‍ന്നു. സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിന് രാഹുലിനെതിരെ കേസുണ്ട്.സൂറത്ത് വിചാരണ കോടതിയുടെ ഉത്തരവ് ഉചിതമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.