national news
സോഫയിലല്ല, ഡ്രൈവിംഗ് സീറ്റില്‍, ബി.ജെ.പി ആരോപണങ്ങള്‍ക്ക് ട്രാക്ടറോടിച്ച് രാഹുലിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 06, 01:24 pm
Tuesday, 6th October 2020, 6:54 pm

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഖേതി ബച്ചാവോ യാത്ര ഹരിയാനയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തി പാലത്തില്‍ വെച്ച് ഹരിയാന പൊലീസ് റാലി തടഞ്ഞെങ്കിലും പിന്നീട് പ്രവേശനാനുമതി ലഭിക്കുകയായിരുന്നു. ഹരിയാനയിലേക്ക് പ്രവേശിക്കാന്‍ എത്ര സമയം വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇതിനിടെ റാലിയില്‍ രാഹുല്‍ ട്രാക്ടര്‍ ഓടിച്ചതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസത്തെ റാലിയില്‍ രാഹുലിന്റെ പഞ്ചാബിലെ ട്രാക്ടര്‍ യാത്രയെ ബി.ജെ.പി വിമര്‍ശിച്ചിരുന്നു. ട്രാക്ടറില്‍ രാഹുല്‍ സോഫയിലിരിക്കുന്ന ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിനൊരു മറുപടി കൂടിയായാണ് രാഹുലിന്റെ ട്രാക്ടര്‍ ഡ്രൈവിംഗെന്നാണ് നിരീക്ഷണം.

 

സോഫയിലിരിക്കുന്ന വി.ഐ.പി കര്‍ഷകനാണ് രാഹുലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഹരിയാനയില്‍ രണ്ടു റാലികളാണ് ഖേതി ബച്ചാവോയുടെ ഭാഗമായി രാഹുല്‍ നടത്തുന്നത്.

രാജ്യത്ത് നിലവിലുള്ള കാര്‍ഷികഘടനയെ നശിപ്പിക്കുകയും പഞ്ചാബിനെയും ഹരിയാനയെയും ഏറ്റവും കൂടുതല്‍ ബാധിക്കുകയും ചെയ്യുന്ന ഇരുണ്ട നിയമങ്ങള്‍ക്ക് എതിരായാണ് ഖേതി ബച്ചാവോ യാത്ര എന്ന് പഞ്ചാബിലെ റാലിക്കിടയില്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

റാലിയുടെ പശ്ചാത്തലത്തില്‍ ഹരിയാന അതിര്‍ത്തിയില്‍ വന്‍ പൊലീസ് വിന്യാസമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവ സബ് ഡിവിഷനിലെ ക്യുക്കര്‍ ഗ്രാമത്തിലൂടെയാണ് രാഹുല്‍ ഹരിയാനയിലെത്തിയത്. ക്രമസമാധാനത്തെ ബാധിക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്ന് കാണിച്ച് കുരുക്ഷേത്ര ജില്ലാ ഭരണകൂടം ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയ്ക്ക് കത്തെഴുതിയിരുന്നു. നൂറിലേറെ പേര്‍ റാലിയില്‍ ഉണ്ടാകരുതെന്നും മാസ്‌ക്കും സാമൂഹിക അകലവും ഉറപ്പുവരുത്തണമെന്നുമാണ് ആവശ്യപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi drives tractor to Haryana border