റാഫേല്‍ കരാര്‍ ഇന്ത്യയ്ക്ക് ലഭിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചത്; പാക്കിസ്ഥാന് ലഭിച്ചിരുന്നെങ്കില്‍ സന്തോഷിച്ചേനെ: രാജസ്ഥാന്‍ മന്ത്രി
national news
റാഫേല്‍ കരാര്‍ ഇന്ത്യയ്ക്ക് ലഭിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചത്; പാക്കിസ്ഥാന് ലഭിച്ചിരുന്നെങ്കില്‍ സന്തോഷിച്ചേനെ: രാജസ്ഥാന്‍ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 12:39 pm

ജയ്പൂര്‍: റാഫേല്‍ കരാറിലെ ഗുരുതര അഴിമതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി ജശ്വന്ത് സിങ് യാദവ്.

റാഫേല്‍ കരാര്‍ പാക്കിസ്ഥാന് ലഭിക്കാതെ ഇന്ത്യയ്ക്ക് ലഭിച്ചതാണ് രാഹുലിനെ ചൊടിപ്പിച്ചതെന്നും ആ കരാര്‍ പാക്കിസ്ഥാന് ലഭിച്ചിരുന്നെങ്കില്‍ രാഹുലിന് സന്തോഷമാകുമായിരുന്നെന്നും ജശ്വന്ത് സിങ് യാദവ് പ്രതികരിച്ചു. അല്‍വാറില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ റാഫേല്‍ കരാര്‍ സ്വന്തമാക്കി. എന്നാല്‍ പാക്കിസ്ഥാന് അത് കിട്ടിയില്ല. പാക്കിസ്ഥാന് അത് ലഭിക്കാതെ മോദിജിക്ക് അത് കിട്ടിയതാണ് രാഹുലിനെ അസ്വസ്ഥനാക്കിയത്- യശ്വന്ത് സിങ് പറയുന്നു.

ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിച്ചുകൊണ്ട് പാക്കിസ്ഥാനെ പ്രീണിപ്പിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ലഷ്‌കര്‍-ഇ- ത്വയ്ബയേക്കാള്‍ ഭീകരമാണ് ഇന്ത്യയിലെ കാവി രാഷ്ട്രീയമെന്നാണ് യു.എസ് അംബാസിഡറുമായി 2009 ല്‍ നടന്ന കൂടിക്കാഴ്ചക്കിടെ രാഹുല്‍ പറഞ്ഞതെന്നും യശ്വന്ത് പറഞ്ഞു.


ആചാരങ്ങളെ വിശ്വസിക്കുന്ന സ്ത്രീകള്‍ ശബരിമലയില്‍ വരില്ല; ദേവസ്വം ബോര്‍ഡ്


ഹിന്ദുക്കള്‍ തീവ്രവാദികളാണെന്ന് രാഹുല്‍ പറയുന്നു. എന്താണ് അതിനര്‍ത്ഥം? ഇന്ത്യയുടെ പ്രധാനമന്ത്രി പദം മോഹിച്ചിരിക്കുന്ന ഒരാളുടെ മനസിലിരിപ്പ് ഇതാണ്. പാക്കിസ്ഥാനെ സന്തോഷിപ്പിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കളെ അദ്ദേഹം അപമാനിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഡിസംബര്‍ 7 ന് നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് രാഹുലിനെ കടന്നാക്രമിച്ച് ബി.ജെ.പി രംഗത്തെത്തിയത്.

റാഫേല്‍ കരാറില്‍ മോദിയടക്കമുള്ള നേതാക്കള്‍ വലിയ അഴിമതി നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ പ്രതിരോധിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പ് പദ്ധതികള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തിലും സമാനവിമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ തന്നെ പ്രത്യാരോപണമാക്കിയുള്ള ബി.ജെ.പിയുടെ പുതിയ തന്ത്രവും.