| Monday, 13th May 2024, 11:12 pm

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ രാഹുല്‍ ​ഗാന്ധി പങ്കെടുക്കാതിരുന്നത് മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയം മൂലം: അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നത് മുസ്‌ലിം വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം മൂലമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ വെച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം.

സൗത്ത് മുംബൈയില്‍ മുസ്‌ലിങ്ങള്‍ക്ക് ആധിപത്യമുള്ള ഭേണ്ടി ബസാര്‍ പരാമര്‍ശിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭേണ്ടി ബസാറിലെ മുസ്‌ലിം വോട്ടുകള്‍ ലഭിക്കില്ലെന്ന ഭയത്തിലാണ് ക്ഷണം ലഭിച്ചിട്ടും രാഹുല്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ വരാതിരുന്നത്. എന്നാല്‍ ബി.ജെ.പിക്ക് അത്തരം പേടികള്‍ ഇല്ലെന്നും അമിത് ഷാ പറഞ്ഞു.

ഏക സിവില്‍ കോഡിനെ കോണ്‍ഗ്രസ് എതിര്‍ത്തെങ്കിലും ബി.ജെ.പി സര്‍ക്കാര്‍ പൊതു നിയമം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീണന രാഷ്ട്രീയത്തിന്റെ പേരിലാണ് ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെ കോണ്‍ഗ്രസ് എതിര്‍ത്തതെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ ശരിയത്ത് നിയമപ്രകാരം പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് സോണിയയും മന്‍മോഹന്‍ സിങ്ങും ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയത്. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അങ്ങനെയൊരു ആരോപണം ഉണ്ടായിട്ടില്ല,’ അമിത് ഷാ പറഞ്ഞു.

Content Highlight: Rahul Gandhi Didn’t Attend Ram Temple Event For Fear Of Losing Vote Bank: Amit Shah

We use cookies to give you the best possible experience. Learn more