ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.നോട്ട് നിരോധനത്തിന്റെ സമയത്ത് മോദി മന്ത്രിമാരെ അദ്ദേഹത്തിന്റെ വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
‘നോട്ട് നിരോധനത്തിന്റെ സമയത്ത് നരേന്ദ്രമോദി മന്ത്രിമാരെ അദ്ദേഹത്തിന്റെ 7 റേസ് കോഴ്‌സ് റോഡിലുള്ള വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതാണ് സത്യം. പ്രത്യേക സുരക്ഷാ സംഘത്തെ എന്റെ സുരക്ഷക്കും വിന്യസിക്കപ്പെട്ടിരുന്നു. അവരാണ് എന്നോട് ഇത് പറഞ്ഞത്. ‘
ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലാക്കോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനയെ കളിയാക്കികൊണ്ട് പ്രധാനമന്ത്രി ജീവിക്കുന്നത് സ്വപ്‌നലോകത്താണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
‘നോക്കൂ പ്രധാനമന്ത്രിയുടെ അറിവ് എത്രയുണ്ടെന്ന്, അവര്‍ വ്യോമസേനയോട് പറഞ്ഞത് ഭയപ്പെടാനൊന്നുമില്ലെന്നാണ്. ഇന്ത്യന്‍ വിമാനങ്ങളെ മറക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് കഴിയുമെന്നാണ്. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിന്റെതായ ലോകത്താണ്. അദ്ദേഹം ആരെയാണ് കേള്‍ക്കേണ്ടത് അവരെ പോലും മോദി കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.’ രാഹുല്‍ഗാന്ധി പറഞ്ഞു.
ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ചാനല്‍ചര്‍ച്ചയ്ക്കിടെയായിരുന്നു മോദിയുടെ പരാമര്‍ശം.
‘നിങ്ങള്‍ ഓര്‍ക്കേണ്ട ഒരു കാര്യം അന്ന് കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ല. എങ്കിലും അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു കാര്യം റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നും തോന്നി. അങ്ങനെയാണ് അത്തരമൊരു കാലാവസ്ഥയില്‍ ആക്രമണത്തിന് തീരുമാനിക്കുന്നത്. ‘- എന്നായിരുന്നു മോദി പറഞ്ഞത്.
വാഗ്ദാനം ചെയ്ത ന്യായ് പദ്ധതി നടപ്പാക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ബി.ജെ.പി അഞ്ച് വര്‍ഷം വെറുതെ കളഞ്ഞെന്നും അവര്‍ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ഗാന്ധി കൂട്ടിചേര്‍ത്തു.