| Friday, 12th October 2018, 12:53 pm

മോദി അഴിമതി നടത്തി; രാജിവെച്ചേ തീരൂ; റാഫേലില്‍ നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റാഫേല്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കണമെന്നും ആരോപണത്തിന് മറുപടി നല്‍കാന്‍ കഴിയാത്ത പക്ഷം മോദി രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് വെബ്‌സൈറ്റ് വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രാഹുല്‍ മോദിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.


‘ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ദല്‍ഹിയിലേക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം; നടന്‍ കൊല്ലം തുളസി


റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ഇന്ത്യയുമായി ഏര്‍പ്പെട്ട കരാര്‍ പ്രകാരം അനില്‍ അംബാനിയുടെ റിലയന്‍സുമായുള്ള ഓഫ്സെറ്റ് പങ്കാളിത്ത (അനുബന്ധ കരാര്‍ പങ്കാളി) ബന്ധം നിര്‍ബന്ധിതമായ ഒന്നായിരുന്നെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമം വെളിപ്പെടുത്തിയിരുന്നു. ദസോള്‍ട്ട് ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ സഹിതം മീഡിയപാര്‍ട് എന്ന മാധ്യമമായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

36 ജെറ്റ് വിമാനങ്ങളുടെ കച്ചവടത്തിന് ഇത്തരമൊരു വിട്ടുവീഴ്ച നിര്‍ബന്ധമായിരുന്നെന്ന് രേഖകള്‍ പറയുന്നുണ്ട്.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ മോദിയുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവുമായി രാഹുല്‍ രംഗത്തെത്തിയത്. “”ഇന്ത്യയുടെ പ്രധാനമന്ത്രി 30000 കോടി രൂപയുടെ കോംപന്‍സേഷന്‍ കോണ്‍ട്രാക്ട് ആണ് അനില്‍ അംബാനിയുടെ പോക്കറ്റില്‍ ഇട്ടുകൊടുത്തത്. മോദി അഴിമതിക്കാരന്‍ തന്നെയാണ്. രാജിയില്‍ കുറഞ്ഞതൊന്നും തങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.- രാഹുല്‍ പറഞ്ഞു.

നിര്‍മലാ സീതാരാമന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തേയും രാഹുല്‍ വിമര്‍ശിച്ചു. പ്രതിരോധമന്ത്രിയുടെ ഫ്രഞ്ച് സന്ദര്‍ശം റഫേല്‍ വിഷയം എങ്ങനെയെങ്കിലും ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മീഡിയപാര്‍ട് തന്നെയാണ് നേരത്തെ മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. മോദിയുടെ ആവശ്യപ്രകാരമായിരുന്നു കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രതികരണം.

റിലയന്‍സിനെ ഇന്ത്യയിലെ ഓഫ്‌സെറ്റ് പാര്‍ട്ട്ണറായി ചേര്‍ക്കാതെ റാഫേല്‍ കരാര്‍ കമ്പനിക്ക് നേടാന്‍ കഴിയില്ലായിരുന്നുവെന്ന് ദസോള്‍ട്ട് ഏവിയേഷന്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഈ റിപ്പോര്‍ട്ടിനെ ദസോള്‍ട്ട് തള്ളിക്കളഞ്ഞിരുന്നു. റിലയന്‍സ് ഗ്രൂപ്പിനെ തങ്ങള്‍ ആരുടെയും നിര്‍ബന്ധപ്രകാരം തെരഞ്ഞെടുത്തതല്ലെന്നായിരുന്നു അവരുടെ വാദം.

We use cookies to give you the best possible experience. Learn more