| Saturday, 27th April 2019, 10:48 pm

'കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാതിരുന്നതിന് മോദി മാപ്പ് പറയണം': രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേത്തി: കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാതിരുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി രാജ്യത്തുടനീളം യാത്ര ചെയ്ത് ജനങ്ങളോട് സംവദിക്കുമ്പോഴും അവർക്ക് നൽകിയ വാഗ്‌ദാനങ്ങളെ കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ലെന്നും രാഹുൽ വിമർശിച്ചു.

ബാങ്ക് അക്കൗണ്ടുകൾ വഴി 15 ലക്ഷം നൽകുന്നതിന്റെ കാര്യത്തെകുറിച്ചും തൊഴിൽ നൽകുന്നതിന്റെ കാര്യത്തെ കുറിച്ചും അദ്ദേഹത്തിന് ഒന്നും പറയാനില്ലെന്നും രാഹുൽ പറഞ്ഞു. നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കാത്തതെന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. രാഹുൽ പറഞ്ഞു.

അമേത്തിയിലും റായ് ബറേലിയിലും ഒരു വികസനപ്രവർത്തനവും നടത്താത്തത് സംബന്ധിച്ചും രാഹുൽ ഗാന്ധി മോദിയെ കുറ്റപ്പെടുത്തി. ”കാവൽക്കാരൻ’ അമേത്തിയിൽ നിന്നും റായ് ബറേലിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ തട്ടിപ്പറിച്ചു. ഐ.ഐ.ടിയും, ഫുഡ് പാർക്കും ഉൾപ്പെടെ അനേകം കാര്യങ്ങൾ. അമേത്തിയെ കൃഷിയുടെ ഒരു കേന്ദ്രമാകാൻ ഞങ്ങൾ ആലോചിച്ചിരുന്നു. മോദി ഞങ്ങളുടെ ആ സ്വപ്നവും തകർത്തു.’ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

‘പ്രധാനമന്ത്രി പറയണം, മുപ്പതിനായിരം കോടി ഞാൻ അനിൽ അംബാനിക്ക് കൊടുത്തു, റഫാൽ ഇടപാടിൽ ഞാൻ കുറ്റക്കാരനാണ്, എനിക്കെതിരെ ഉടൻ നടപടിയുണ്ടാകും. സത്യം ഇതാണ്. കോൺഗ്രസ് അധികാരത്തിൽ വന്നു കഴിയുമ്പോൾ, റഫാലിലെ കള്ളക്കളികൾ പുറത്ത് വരും.’ മോദിയെ താൻ സംവാദത്തിനായി വെല്ലുവിളിച്ചത് ഓർമിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. ‘രാജ്യത്തിന് മുൻപാകെ, തനിക്ക് തെറ്റുപറ്റി എന്ന് സമ്മതിക്കാൻ മോദിക്ക് അവസരമുണ്ട്. പക്ഷെ സത്യത്തിൽ നിന്നും ഒളിച്ചോടാൻ അദ്ദേഹത്തിന് സാധിക്കില്ല.’ രാഹുൽ പറഞ്ഞു.

എന്തു കൊണ്ട് ഇപ്പോഴും പ്രധാനമന്ത്രിയെ ലക്‌ഷ്യം വെക്കുന്നുവെന്നും, മറ്റ് കേന്ദ്ര മന്ത്രിമാരെ വെറുതെ വിടുന്നുവെന്നും ഉള്ള ചോദ്യത്തിന് ‘കേന്ദ്രമന്ത്രിമാരെ കൊണ്ട് കാര്യമില്ല. അരുൺ ജെയ്‌റ്റ്ലി ആയാലും, സുഷമ സ്വരാജ് ആയിരുന്നാലും. അവർ അഭിമാനം കൈവിട്ടു കഴിഞ്ഞു. അഞ്ച് വർഷമായി രാജ്യത്തെ കാര്യങ്ങൾ നടത്തുന്നത് ഒരു മനുഷ്യനാണ്. അതുകൊണ്ട് അദ്ദേഹമാണ് ഉത്തരം പറയാൻ ബാധ്യസ്ഥൻ.’ എന്ന് രാഹുൽ മറുപടി നൽകി.

We use cookies to give you the best possible experience. Learn more