ദിശ തെറ്റി നില്‍ക്കുന്ന കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി പൂര്‍ണ്ണമായും കൈയ്യൊഴിയുകയാണ്: ശ്രീജിത്ത് ദിവാകരന്‍
national news
ദിശ തെറ്റി നില്‍ക്കുന്ന കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി പൂര്‍ണ്ണമായും കൈയ്യൊഴിയുകയാണ്: ശ്രീജിത്ത് ദിവാകരന്‍
ശ്രീജിത്ത് ദിവാകരന്‍
Wednesday, 19th August 2020, 5:57 pm

കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിനു വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ലെന്നും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരന്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും അതിന് പിന്തുണ നല്‍കിയ പ്രിയങ്ക ഗാന്ധിയുടെ നിലപാടും കുറേ കാലമായി കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയുടെ പര്യവസാനമായി വേണമെങ്കില്‍ വ്യാഖ്യാനിക്കാം. നാളുകളായി എല്ലാവരും പ്രതീക്ഷിച്ചിരുന്നത് തന്നെയാണിത്.

രാജീവ് ഗാന്ധിയെപ്പോലെ തന്നെ വളരെ വൈമുഖ്യമുള്ള രാഷ്ട്രീയക്കാരനായിരുന്നു രാഹുല്‍ ഗാന്ധിയും. ഒരു സമയത്തും ഒരു സ്വാഭാവിക രാഷ്ട്രീയക്കാരനെന്ന നിലയിലേക്ക് ഉയരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. രാജീവ് ഗാന്ധിക്ക് പക്ഷേ ഇന്ദിരാ ഗാന്ധിയുടെ മരണത്തിന് ശേഷം വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞു. ഇതാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമായി നിറഞ്ഞു നില്‍ക്കാന്‍ ഇടയാക്കിയത്.

ഇതിന് സമാനമായ പ്രതിസന്ധി രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷവും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. ആ സമയത്ത് കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ സോണിയ ഗാന്ധി വിസമ്മതിക്കുകയും നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ആളുകള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മാറി വരികയുമൊക്കെ ചെയ്ത ഒരു സമയമുണ്ട്.

പക്ഷെ അന്ന് മറ്റു വലിയ രാഷ്ട്രീയ സഖ്യങ്ങളുണ്ടായിരുന്നില്ല എന്നത് കോണ്‍ഗ്രസിന് ഗുണകരമായിരുന്നു. അന്ന് ഉണ്ടായിരുന്നത് മുഴുവന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും ജനതാദളിന്റെയുമെല്ലാം ഒരു കൂട്ടായ്മ മാത്രമാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് സോണിയ ഗാന്ധി നേതൃത്ത്വത്തിലേക്ക് വരുന്നത് വരെ ഒരു സമയം കിട്ടിയിരുന്നു.

ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. തീവ്ര വലതുപക്ഷ സ്വഭാവമുള്ള മറ്റൊരു പാര്‍ട്ടി അധികാരത്തില്‍ നില്‍ക്കുന്നുണ്ട്. അവര്‍ ഇന്ത്യയിലെ ബ്യൂറോക്രസിയേയും ജുഡീഷ്യറിയേയും മാധ്യമങ്ങളേയും വിലയ്ക്കു വാങ്ങുന്ന തരത്തിലുള്ള ശക്തിയായി മാറിയിരിക്കുകയാണ്. അതേ സമയം കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും മണിപ്പൂര്‍ മുതല്‍ ഗുജറാത്ത് വരെയും നിറഞ്ഞ് നിന്നിരുന്ന ഒരേയൊരു പാര്‍ട്ടിയായ കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോകാന്‍ അധികാര രൂപമില്ല. ഈ സമയത്ത് കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നതും പരസ്പരം ബന്ധിപ്പിക്കുന്നതുമായ ഒരേയൊരു വികാരം ഒരു നെഹ്റു കുടുംബമായിരുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലായെന്ന് പറയുന്നതോടെ അതുകൂടി ഇല്ലാതാവുകയാണ്.

ഈ ഒരു പ്രശ്‌നം കുറച്ചു കാലമായി ഇവിടെയുണ്ടായിരുന്നു. 2009ലെ തെരഞ്ഞടുപ്പ് സമയത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഏറ്റവും മികച്ച ഒരു പ്രവര്‍ത്തനം കണ്ടത്. രാഷ്ട്രീയപരമായി അധികമൊന്നും മുന്നോട്ടു വരാതിരുന്ന ഒരാള്‍ ഉത്തര്‍പ്രദേശ് പോലൊരു സ്ഥലത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രീതിയില്‍ വരെ മുന്നോട്ട് വരികയായിരുന്നു. അന്ന് മികച്ച വിജയം നേടാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ സാധ്യതകള്‍ അന്ന് വ്യക്തമാവുകയും ചെയ്തതാണ്.

പക്ഷേ അന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ വിസമ്മതിക്കുകയും മാറി നില്‍ക്കുകയും ചെയ്യുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായത്. അതിന് ശേഷമുണ്ടായ ഒരു വലിയ പതനത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഇത് വരെ മുന്നോട്ട് വരാനും സാധിച്ചിട്ടില്ല. ഈ കാലയളവില്‍ മുതിര്‍ന്ന നേതാക്കളുടെ ഒരു വലിയ പട തന്നെ കോണ്‍ഗ്രസില്‍ നിന്ന് ഇല്ലാതായി. ഇതിന്റെ തുടര്‍ച്ച ഇനിയും സംഭവിക്കും. ഇപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ നിലപാട് ഒരിക്കല്‍ കൂടി പറയുകയും ഈ കുടുംബത്തില്‍ നിന്നല്ലാതെ മറ്റൊരാള്‍ വരുന്നതാകും നല്ലതെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കുകയും ചെയ്തത് കോണ്‍ഗ്രസിനെ ശൈഥില്യത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

ഇനിയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അധികം കാര്യങ്ങള്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെ പറയേണ്ടി വരും. ഇപ്പൊഴത്തെ ഭരണത്തെ എതിര്‍ക്കുന്ന എല്ലാവരെയും മുന്നോട്ട് കൂട്ടികൊണ്ട് പോവുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ മുന്നിലെ ഒരു സാധ്യത. അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് നയിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കേണ്ടതായിരുന്നു.

ബാബറി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ഭൂമിപൂജ നടക്കുന്ന സമയത്ത് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കിയത്, ഭൂരിപക്ഷ ഹിന്ദു വികാരത്തെ പരിപാലിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നതായിരുന്നു.

അരികുവത്കരിക്കപ്പെട്ട ജനങ്ങളോടൊപ്പം നില്‍ക്കുന്നതിന് പകരം കോണ്‍ഗ്രസ് ഇപ്പോഴും വിചാരിക്കുന്നത് ബി.ജെ.പി കൈക്കലാക്കിയിട്ടുള്ള ഹിന്ദു രാഷ്ട്രീയത്തിന്റെ ഒരു ഭാഗം പറ്റാനാണ്. അത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പാളിച്ചയാണ്.

കേരളത്തിലും ബീഹാറിലുമെല്ലാം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കോണ്‍ഗ്രസിന് സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അവിടുത്തെ രാഷ്ട്രീയ ഭാവി പോലും പരിഗണിക്കാതെയാണ് ഇത്തരമൊരു നടപടിയെടുത്തിയിരിക്കുന്നത്. ബീഹാര്‍ പോലെ ഒരു സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിന്റെ വോട്ട് വളരെ നിര്‍ണായകമാണ്. ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ എങ്കിലും ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് ഇങ്ങനെ ചെയ്യുമായിരുന്നില്ല.

എന്ത് തരം രാഷ്ട്രീയമാണ് ഇക്കാലത്ത് കൈക്കൊള്ളേണ്ടത് എന്നതില്‍ ഒരു വ്യക്തതയുമില്ലാതെ നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇത്തരമൊരു സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെപ്പോലൊരാള്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാതെ മാറി നില്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ കയ്യൊഴിയുന്നത് പോലെയാണ്. ഇത് കോണ്‍ഗ്രസിന് ഒട്ടും ഗുണകരമായ തീരുമാനമല്ല.

നമ്മള്‍ ഇപ്പോള്‍ യുവനിരയിലേക്ക് നോക്കി കഴിഞ്ഞാല്‍ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രാപത്‌നായ ഒരാളെയും കാണുന്നില്ല. വലതുപക്ഷം ഇത്ര ശക്തമായി നില്‍ക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി ഇന്ത്യയില്‍ നശിച്ചുപോകുന്നത് ഒട്ടും ആശാവാഹമായ കാര്യമല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയുമെല്ലാം പാരമ്പര്യമുണ്ടായിരുന്ന ഒരു പാര്‍ട്ടി ഇത്തരത്തില്‍ ശിഥിലമായി പോകുന്നത് സങ്കടകരമായ രാഷ്ട്രീയ അവസ്ഥയാണ്. ഇത് തിരിച്ചറിയേണ്ട സമയം കൂടിയാണിത്.

കോണ്‍ഗ്രസിലെ കുടുംബവാഴ്ച്ചയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യേണ്ട സമയമേയല്ല ഇത്. ജനാധിപത്യം ഏതെങ്കിലും തരത്തില്‍ സന്തുലിതമായിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ മത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ.

അപകടകരമായ അവസ്ഥയിലേക്ക് രാജ്യം പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഏത് തരത്തിലുള്ള ശക്തികള്‍ക്കാണോ ഇതിനെ എതിര്‍ത്ത് ഒന്നിച്ചു നില്‍ക്കാനാകുക എന്നതാണ് ചിന്തിക്കേണ്ടത്. കുടുംബവാഴ്ച്ചയൊന്നും ഇന്ന് ഇന്ത്യയിലൊരു ചര്‍ച്ചാ വിഷയമേ അല്ല. അഴിമതി പോലും ചര്‍ച്ചാ വിഷയമാകാത്ത ഒരു രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നു പോകുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ശ്രീജിത്ത് ദിവാകരന്‍
മാധ്യമ പ്രവര്‍ത്തകന്‍, ഡൂള്‍ന്യൂസ് മുന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍. പത്ര, ദൃശ്യ മാധ്യമങ്ങളിലായി 19 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍ ടി.വി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.