| Wednesday, 11th October 2017, 7:19 pm

'വാക്കുകള്‍ കൊണ്ടും ചുവടുകള്‍ കൊണ്ടും തിളങ്ങി രാഹുല്‍'; മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ രാഹുലിന്റെ 'ഗോത്രനൃത്തം'; വീഡിയോ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനം പൊടി പൊടിക്കുകയാണ്. വന്‍ ജനസ്വീകാര്യതയാണ് രണ്ടാം വട്ടവും മോദിയുടെ നാട്ടിലെത്തിയ രാഹുലിന് ലഭിച്ചിരിക്കുന്നത്. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ രണ്ടും കല്‍പ്പിച്ചാണ് രാഹുല്‍ ഇറങ്ങിയിരിക്കുന്നത്.

തീപ്പൊരി പ്രസംഗത്തില്‍ മാത്രമല്ല, നൃത്തത്തിലും രാഹുല്‍ മോദിയുടെ നാട്ടില്‍ ഒരുകൈ നോക്കുന്നുണ്ട്. ചോട്ടാ ഉദയ്പൂരില്‍ നടന്ന പരിപാടിക്കിടയിലാണ് രാഹുലിന്റെ നൃത്തം ഉണ്ടായത്. ഗോത്രനൃത്തമായ തിംലിയാണ് രാഹുല്‍ പയറ്റിനോക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ നിരവധി ഗോത്രമേഖലകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. സാലിയയിലെ കബീര്‍ മന്ദിറില്‍ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ സംസാരിക്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ചോട്ടാ ഉദയ്പൂര്‍, ദാഹോദ്, പാഞ്ച്മഹല്‍സ്, ഗോദ്ര ജില്ലകളിലും സമാന പരിപാടികളുണ്ടായിരുന്നു.

മുദ്രാവാക്യം വിളിച്ചും അഭിവാദ്യമര്‍പ്പിച്ചും വന്‍ജനക്കൂട്ടമായിരുന്നു റോഡുകളില്‍ ഗുജറാത്ത് ജനത അദ്ദേഹത്തെ സ്വീകരിച്ചത്.


Also Read:  ഗുജറാത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ചത് വന്‍സ്വീകരണം: വാക്കുകള്‍ക്ക് കൈയ്യടിച്ച് ഗുജറാത്തി ജനത


വഴിയോരത്തെ കെട്ടിടങ്ങളുടെ വരാന്തകളിലും മറ്റും പൊള്ളുന്ന ചൂടിനെ അവഗണിച്ച് നിരവധി പേരാണ് മണിക്കൂറുകളോളം അദ്ദേഹത്തെ കാത്തിരുന്നത്.

മൂന്നുദിവസത്തെ തെരഞ്ഞെടുപ്പു കാമ്പെയ്നിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയത്. രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ച സ്വീകരണം ഗുജറാത്തിലെ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും വലിയ ആവേശം ജനിപ്പിച്ചു.
കര്‍ജാന്‍ നഗരത്തിലെ പൊതുയോഗത്തില്‍ ജനക്കൂട്ടം വളരെ ആവേശത്തോടെയാണ് രാഹുലിന്റെ വാക്കുകള്‍ കേട്ടത്.

“നരേന്ദ്രമോദിജി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന വേളയില്‍ ഗുജറാത്തിന്റെ പൊതുകടം 6000 കോടിയായിരുന്നു. ഇപ്പോഴിത് രണ്ടുലക്ഷം കോടിയായി. എവിടെയാണ് ഈ പണം ചിലവഴിച്ചത്?” എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ “കള്ളന്മാര്‍” എന്നായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more