ജയ്പൂര്‍: ചൈന ഇന്ത്യയുമായി യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ മോദി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അരുണാചലിലും ലഡാക്കിലും ചൈന ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലേയെന്നും രാഹുല്‍ ചോദിച്ചു.
അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്‌സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം.
ഭാരത് ജോഡോ യാത്ര 100 ദിവസം പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. ബി.ജെ.പിയെ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് താഴെയിറക്കും. തന്റെ വാക്കുകള്‍ കുറിച്ച് വെച്ചോളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ചൈന യുദ്ധത്തിന് ഒരുങ്ങുകയാണ്. വെറുമൊരു നുഴഞ്ഞുകയറ്റമായി അതിനെ കാണാനാകില്ല. അവരുടെ ആയുധങ്ങളുടെ ക്രമം നോക്കൂ. യുദ്ധ മുന്നൊരുക്കത്തിന്റെ സൂചനയാണത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ അത് അംഗീകരിച്ചിട്ടില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കും. നമ്മുടെ സൈനികരെ പരാജയപ്പെടുത്തും. സുവ്യക്തമാണ് അവരുടെ ഭീഷണി. എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിക്കുന്നു. ലഡാക്കിലും അരുണാചലിലും അവര്‍ സായുധ ആക്രമണത്തിന് ഒരുങ്ങുകയാണ്. നമ്മുടെ സര്‍ക്കാര്‍ ഉറങ്ങുകയും,’ രാഹുല്‍ കുറ്റപ്പെടുത്തി.
‘ഭാരത് ജോഡോ യാത്ര ഹിന്ദി മേഖലകളില്‍ വിജയിക്കില്ലെന്ന് ചിലര്‍ പറഞ്ഞുവെന്നും എന്നാല്‍ ജനങ്ങള്‍ ഇത് തള്ളിയെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഇപ്പോള്‍ രാജസ്ഥാനിലും വന്‍ ജനക്കൂട്ടമാണ് യാത്രയെ സ്വീകരിച്ചത്. കേരളത്തിലും കര്‍ണാടകത്തിലും ഭാരത് ജോഡോ യാത്ര ജനപിന്തുണയില്‍ മികച്ചു നിന്നു. കോണ്‍ഗ്രസ് ഭരണത്തിലില്ലാത്ത മധ്യപ്രദേശില്‍ ജനം യാത്രയ്ക്ക് വലിയ പിന്തുണ നല്‍കി,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നിടത്തോളം ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യ-ചൈന ഏറ്റുമുട്ടല്‍ വിഷയത്തില്‍ പ്രതികരിച്ചത്.
തവാങിലെ സൈനിക സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.