'തൊഴില്‍ പ്രതിസന്ധി നേരിടുന്ന രാജ്യം ഈ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിക്കും'; മോദിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നതിന് പിന്നാലെ രാഹുല്‍
national news
'തൊഴില്‍ പ്രതിസന്ധി നേരിടുന്ന രാജ്യം ഈ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിക്കും'; മോദിയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നതിന് പിന്നാലെ രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th September 2020, 12:12 pm

ന്യൂദല്‍ഹി: രാജ്യത്തെ യുവാക്കള്‍ ഇന്നേ ദിവസം തൊഴിലില്ലായ്മ ദിനമായി കണക്കാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാളാംശസകള്‍ നേര്‍ന്നതിന് പിന്നാലെയായിരുന്നു തൊഴിലില്ലായ്മയെ സംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ നിരക്ക് രാജ്യത്തെ യുവാക്കളെ ഈ ദിവസം ദേശീയ തൊഴിലില്ലായ്മ ദിനമായി കണക്കാക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. തൊഴില്‍ ഒരു അന്തസ്സാണ്. എത്രകാലം സര്‍ക്കാരിന് അത് അവഗണിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയും?,’ രാഹുല്‍ ഗാന്ധി ചോദിച്ചു.

തൊഴിലില്ലായ്മയെ സംബന്ധിച്ച് ഹിന്ദിയിലിലുള്ള വാര്‍ത്താ റിപ്പോര്‍ട്ടും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചു. രാജ്യത്ത് ഒരു കോടിയിലേറെ ഇന്ത്യക്കാര്‍ ജോലി തേടുമ്പോള്‍ 1.77 ലക്ഷം ജോലി മാത്രമാണ് ശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞ് വെക്കുന്നത്.

തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നിരന്തരം വിമര്‍ശനങ്ങളുന്നയിക്കാറുണ്ട്. കൊവിഡ് ആസൂത്രണത്തിലും തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതിലും രാഹുല്‍ നിരന്തരമായി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

മോദിയുടെ പിറന്നാള്‍ ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ട്വിറ്ററിലും ഹാഷ്ടാഗ് ക്യാംപയിനിംഗ് നടക്കുന്നുണ്ട്.

മോദിയുടെ പിറന്നാള്‍ ദിനം നാഷണല്‍ അണ്‍എംപ്ലോയ്മെന്റ് എന്ന പേരിലാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്. ഈ ഹാഷ്ടാഗില്‍ 14 ലക്ഷത്തിലേറെ ട്വീറ്റുകളാണ് ഇതുവരെ വന്നിരിക്കുന്നത്.

നേരത്തെ പ്രധാനമന്ത്രിക്ക് പിറന്നാളാംശസകള്‍ അറിയിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. നരേന്ദ്ര മോദിക്ക് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi criticizes Modi on his birth day related to National Unemployment Day