| Wednesday, 24th May 2023, 2:11 pm

ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാലാണ് പാര്‍ലമെന്റ് നിര്‍മിക്കേട്ടത്: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഷ്ട്രപതിയെ ഒഴിവാക്കി പ്രധാനമന്ത്രി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാല്‍ നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യാനോ ചടങ്ങിന് ക്ഷണിക്കാനോ രാഷ്ട്രപതിയെ കിട്ടാത്തത് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിക്ക് അപമാനമാണ്.

പാര്‍ലമെന്റ് ഈഗോയുടെ ഇഷ്ടികകൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങളാലാണ് നിര്‍മിക്കേണ്ടത്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതിരണം.

കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ജെ.ഡി.യു, ഡി.എം.കെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെ.എം.എം, എന്‍.സി, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, വി.സി.കെ, എം.ഡി.എം.കെ എന്നീ 19 പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്‌കരിച്ച് സംയുക്ത പ്രസ്താവന ഇറക്കിയത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ലോക്സഭാ സ്പീക്കറുടെ ചെയറിന് സമീപം ചെങ്കോല്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ പരമ്പരാഗത അധികാര കൈമാറ്റത്തിന്റെ സ്മരണയ്ക്കാണ് ചെങ്കോല്‍
സ്ഥാപിക്കുന്നതെന്നും, ഈ ചെങ്കോല്‍ ബ്രിട്ടിഷുകാരില്‍ നിന്ന് ഇന്ത്യന്‍ നേതാക്കള്‍ക്ക് അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മന്ദിരത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കുമെന്നും പുതിയ മന്ദിരം മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

Content Highlight: Rahul Gandhi criticized the Prime Minister for inaugurating the new building without the President

We use cookies to give you the best possible experience. Learn more