| Friday, 24th August 2018, 10:20 pm

പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ഉറച്ച തീരുമാനമില്ല: രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: പാകിസ്താന്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് ആലോചിച്ചുറപ്പിച്ച തീരുമാനമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലണ്ടനില്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്താനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യം പ്രധാന മന്ത്രി ഇനിയും ഗൗരവത്തോടെ ആലോചിച്ചിട്ടില്ല. പാക്കിസ്താനുമായി നയപരമായി നീങ്ങുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. രണ്ട് രാജ്യങ്ങളും തുല്യ ശക്തികളാണ് എന്നത് മറന്നുകൂടാ.

ഇരുകൂട്ടരും തമ്മില്‍ നല്ല ബന്ധം ഉണ്ടാകുന്നതു വരെ നാം കാത്തിരുന്നേ മതിയാകൂ എന്നും രാഹുല്‍ പറഞ്ഞു. ദോക്ലാം വിഷയത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പ്രധാനമന്ത്രിയുടെ നീക്കങ്ങളെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ദോക്ലാമിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിരവധി കാര്യങ്ങളുടെ തുടര്‍ച്ച മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി അതിനെ ഒരു സംഭവമായാണ് നോക്കിക്കാണുന്നത്. ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

മന്ത്രി സുഷമാ സ്വരാജ് മോദി സര്‍ക്കാരിലെ ജോലിയില്ലാത്ത ആളാണെന്നും രാഹുല്‍ പരിഹസിച്ചു. വിസ അനുവദിക്കുക മാത്രമാണ് അവരുടെ ജോലി. രാജ്യത്തിന്റെ വിദേശനയം തീരുമാനിക്കുന്നതില്‍ വിദേശകാര്യമന്ത്രിക്ക് പങ്കില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

അറബ് ലോകത്തെ ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ ഹുഡിന്റെയും ആര്‍.എസ്.എസിന്റെയും ആശയങ്ങള്‍ ഒന്നാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്താകെ വിദ്വേഷം പരത്താനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് രാഹുല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more