Kerala Assembly Election 2021
സി.ബി.ഐ, ഇ.ഡി എന്നിവര്‍ എന്തുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കുന്നില്ല?; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 23, 02:55 pm
Tuesday, 23rd February 2021, 8:25 pm

തിരുവനന്തപുരം: ബി.ജെ.പിയ്ക്കും ആര്‍.എസ്.എസ് പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ പോരാടുന്ന തന്നെ ഓരോ നിമിഷവും ബി.ജെ.പി ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഇടതുപക്ഷം അധികാരത്തിലിരിക്കുന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കെതിരെയുള്ള കേസ് എന്തുകൊണ്ട് ഇഴഞ്ഞു നീങ്ങുന്നു? സി.ബി.ഐ, ഇ.ഡി എന്നീ സ്ഥാപനങ്ങള്‍ എന്തുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിനെ ആക്രമിക്കുന്നില്ല? കാരണം ബി.ജെ.പിയ്‌ക്കെതിരെ സംസാരിച്ചുകൊണ്ടിരുന്നാല്‍ നിങ്ങള്‍ ആക്രമിക്കപ്പെടും. ഞാന്‍ ബി.ജെ.പിക്കെതിരാണ്. ഞാന്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിനെതിരെ ഓരോ ദിവസവും പോരാടുന്നു. എന്നാല്‍ ഓരോ നിമിഷവും ബി.ജെ.പി എന്നെ ആക്രമിക്കുകയാണ്. ബി.ജെ.പി എന്തുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കേസുകള്‍ക്കെതിരെ സാവധാനം നീങ്ങുന്നതെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായി കാണും’, രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. സംസ്ഥാനത്തെ തൊഴില്‍രഹിതര്‍ ആശങ്കയിലാണ്. എന്തുകൊണ്ട് തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്നുവെന്നും രാഹുല്‍ ചോദിച്ചു.

‘എല്‍.ഡി.എഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights;  Rahul Gandhi Slams Pinaray Vijayan