| Thursday, 3rd February 2022, 9:29 am

കേരളത്തില്‍ നിന്നും പഠിക്കാനുണ്ട്, കേന്ദ്രത്തില്‍ രാജഭരണം; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലേക്ക് രാജഭരണം തിരിച്ചുകൊണ്ടുവരുകയാണെന്നും പൗരന്മാരെ രണ്ട് തരത്തിലാക്കി രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

‘1947ല്‍ ഇല്ലാതാക്കിയ രാജഭരണം ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാജാവിന് കീഴില്‍ ഉള്ളവന്റെയും പുറന്തള്ളപ്പെടുന്നവന്റെയും രണ്ട് ഇന്ത്യയാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്,’ രാഹുല്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുകയും ഇന്ത്യ ആഭ്യന്തരമായും വൈദേശികമായും ഒറ്റപ്പെടല്‍ നേരിടുകയുമാണ്. ഗുരുതര അപകടങ്ങള്‍ക്കു മുന്നിലാണ് രാജ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ലോക്‌സഭയില്‍ തുടക്കമിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയെങ്കില്‍, പുതിയ ഭരണത്തിനു മുന്നില്‍ ഓരോ പ്രദേശത്തിന്റെയും അന്തസും ചരിത്രവും ഭാഷയും ജീവിതരീതിയും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ്. കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും അസമില്‍ നിന്നുമെല്ലാം നമുക്ക് പഠിക്കാനുണ്ട്.

എന്നാല്‍, ചരിത്രമറിയാത്ത ഭരണാധികാരികള്‍ രാജാവ് ചമയുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ഇന്ത്യ കാണുന്നത്. ദേശങ്ങളുടെയും ജനതകളുടെയും ശബ്ദം ഇല്ലാതാക്കാന്‍ നീതിപീഠത്തെയും തെരഞ്ഞെടുപ്പു കമീഷനെയും പെഗസസുമൊക്കെ ഉപയോഗിക്കുന്നു. എന്നാല്‍, രാജഭരണ രീതി ഇന്ത്യയില്‍ നടപ്പില്ല,’ രാഹുല്‍ പറഞ്ഞു.

‘സംവാദത്തിന്റെ അവസരങ്ങള്‍ ഇല്ലാതായി. ജനബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞു. നീറ്റ് നടപ്പാക്കാന്‍ തമിഴ്‌നാടിനോട് ഗര്‍ജിക്കുന്നു. വിവാദ കാര്‍ഷിക നിയമം ഏറ്റുവാങ്ങാന്‍ പഞ്ചാബിനെ നിര്‍ബന്ധിക്കുന്നു. രാജാവിനു മാത്രമാണ് ശബ്ദം. ഒരു വര്‍ഷം മുഴുവന്‍ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് സത്യഗ്രഹം ഇരിക്കേണ്ടി വന്നു.

ആരെയും കേള്‍ക്കാന്‍ രാജാവ് തയാറല്ലായിരുന്നു. ആഭ്യന്തര മന്ത്രിയെ അടുത്തകാലത്ത് കാണാന്‍ ചെന്ന മണിപ്പൂരി സംഘത്തിന്, അകത്തു കയറുന്നതിനു മുമ്പ് ചെരുപ്പഴിക്കണമെന്നായിരുന്നു നിര്‍ദേശം. അകത്ത് ആഭ്യന്തര മന്ത്രി ചെരിപ്പിട്ട് ഇരിക്കുന്നു. ഞാനാണ് എല്ലാം, നിങ്ങള്‍ ആരുമല്ലെന്ന മട്ട്. ഇത്തരം മേധാവിത്ത മനോഭാവങ്ങളാണ് ഇന്ന് ഭരണത്തില്‍ ഇരിക്കുന്നുവര്‍ക്കുള്ളത്,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് ഇന്ത്യയുടെ അടിത്തറ ദുര്‍ബലപ്പെടുത്തി. റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് അതിഥികള്‍ ഇല്ലാത്ത വിധം ഇന്ത്യ ഒറ്റപ്പെട്ടിരിക്കുന്നു. ഇന്ത്യക്കെതിരെ വ്യക്തമായ പദ്ധതിയുമായാണ് ചൈന മുന്നോട്ടു നീങ്ങുന്നത്. ചൈനയെയും പാകിസ്ഥാനേയും ഒന്നിപ്പിച്ചതാണ് മോദിസര്‍ക്കാറിന്റെ വിദേശനയത്തിലെ ഏറ്റവും വലിയ പാതകം. ജമ്മു-കശ്മീര്‍ തന്ത്രത്തിലും വിദേശനയത്തിലും സര്‍ക്കാര്‍ വലിയ വീഴ്ചവരുത്തിയെന്ന് രാഹുല്‍ പറഞ്ഞു.

സംവാദത്തിലൂടെയും അനുനയത്തിലൂടെയും മാത്രമേ ഇന്ത്യ ഭരിക്കാനാവൂ. അശോകനെയും മൗര്യയേയും പഠിക്കുക. തന്റെ വലിയ മുത്തച്ഛന്‍ 15 വര്‍ഷം ജയിലില്‍ കിടന്നു. മുത്തശ്ശിക്ക് 32 തവണ വെടിയേറ്റു. പിതാവ് കഷണങ്ങളായി പൊട്ടിത്തെറിച്ചു.

അതുകൊണ്ട് എന്താണ് പറയുന്നതെന്ന് തനിക്ക് ബോധ്യമുണ്ട്. വളരെ അപകടകരമായ കളിയാണ് നിങ്ങള്‍ നടത്തുന്നത്. അത് അവസാനിപ്പിക്കണമെന്ന് ഉപദേശിക്കുകയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍, നിങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുക. പ്രശ്‌നങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു,’ രാഹുല്‍ പറഞ്ഞു.


Content Highlight: rahul gandhi criticising central government

We use cookies to give you the best possible experience. Learn more