| Thursday, 27th July 2023, 5:16 pm

മണിപ്പൂരിനെ കത്തിച്ചത് മോദിയുടെ പ്രത്യയശാസ്ത്രം: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യയശാസ്ത്രമാണ് മണിപ്പൂരില്‍ കലാപത്തീ ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിന് വേണ്ടി എന്താണ് പ്രധാനമന്ത്രി ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ തീപടര്‍ത്തിയെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവനക്കുള്ള മറുപടി നല്‍കുകയായിരുന്നു രാഹുല്‍ ഗാന്ധി.

മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി എന്താണ് സംസാരിക്കാത്തതെന്നും അദ്ദേഹം ഒന്നും ചെയ്യാതിരുന്നതിനാലാണ് മണിപ്പൂരിലെ സ്ഥിതി ഇത്തരത്തിലായതെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ആരോപിച്ചു.

‘ പ്രധാനമന്ത്രി ഒന്നും ചെയ്യാത്തതിനാലാണ് മണിപ്പൂരിലെ സ്ഥിതി ഇത്തരത്തിലായത്. മണിപ്പൂരിനെ കത്തിച്ചത് അവരുടെ പ്രത്യയശാസ്ത്രമാണെന്ന് അവര്‍ക്കറിയാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്മൃതി ഇറാനിക്കുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ. ബി.ജെ.പിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രതിപക്ഷം ശബ്ദമുയര്‍ത്തുന്നില്ലെന്ന് രാജ്യസഭയിലെ പ്രസംഗത്തിനിടെ സ്മൃതി ഇറാനി പറഞ്ഞിരുന്നു. മണിപ്പൂരില്‍ തീ പടര്‍ത്തിയത് രാഹുല്‍ ഗാന്ധിയാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തിയിരുന്നു.

‘ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എങ്ങനെയാണ് ബലാത്സംഗത്തിന് ഇരയാകുന്നതെന്ന് പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? മണിപ്പൂരിനെ രാഹുല്‍ ഗാന്ധി എങ്ങനെയാണ് തീ ആളിപടര്‍ത്തിയതെന്ന് പറയാന്‍ എപ്പോഴാണ് നിങ്ങള്‍ക്ക് ധൈര്യമുണ്ടാകുക? ,’ സ്മൃതി ഇറാനി പറഞ്ഞു.

ജൂലൈ 20ന് പാര്‍ലമെന്റ് ശീതകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ കടുത്ത വാക്‌പോരുകളാണ് നടക്കുന്നത്.

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാനുള്ള അനുകൂല സാഹചര്യം പ്രതിപക്ഷം ഉണ്ടാക്കുന്നില്ലെന്ന് ഭരണപക്ഷവും കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നല്‍കിയിരുന്നു. അടുത്ത 10 ദിവസത്തിനകം പ്രമേയം ചര്‍ച്ച ചെയ്യാനുള്ള തീയതി കക്ഷിനേതാക്കളുമായി സംസാരിച്ചു തീരുമാനിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. കുറഞ്ഞത് 50 പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ പ്രമേയത്തിന് അവതരണാനുമതി ലഭിക്കൂ.

മെയ് മൂന്നിന് മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ 160ലധികം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 100ലധികം ആളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Rahul gandhi criticise Smruthi irani over manipur issue

We use cookies to give you the best possible experience. Learn more