| Friday, 26th April 2024, 5:24 pm

മോദി പരിഭ്രമത്തില്‍, അടുത്ത് തന്നെ അദ്ദേഹം കരയും : രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം പ്രധാനമന്ത്രിയെ അസ്വസ്ഥനാക്കിയെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ബിജാപുരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയുടെ പ്രസംഗങ്ങളിലെല്ലാം പരിഭ്രമമാണെന്നും അടുത്തു തന്നെ അദ്ദേഹം സ്റ്റേജില്‍ കരയാന്‍ സാധ്യതയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്നെല്ലാം ശ്രദ്ധ തിരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുല്‍ ചൂണ്ടികാണിച്ചു. ദാരിദ്ര്യം,തൊഴിലില്ലായ്മ,വിലക്കയറ്റം തുടങ്ങിയ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിന്നെല്ലാം പൊതുശ്രദ്ധ തിരിക്കാന്‍ മറ്റു പലതും പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

”മോദി നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് , അതിനായി ചിലപ്പോള്‍ ചൈനയെക്കുറിച്ചും പാകിസ്താനെക്കുറിച്ചും സംസാരിക്കും , ചിലപ്പോള്‍ പാത്രം കൊട്ടാനും മറ്റുചിലപ്പോള്‍ മൊബൈല്‍ഫോണിലെ ടോര്‍ച്‌ലൈറ്റ് ഓണ്‍ ചെയ്യാനും പറയും”, രാഹുല്‍ ഗാന്ധി പറഞ്ഞു.

അദാനി അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സര്‍ക്കാര്‍ ആണ് നരേന്ദ്ര മോദിയുടേത്.

കോര്‍പ്പറേറ്റുകള്‍ക്ക് മോദി നല്‍കിയ പണം തിരിച്ച് പിടിച്ച് കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും വീതിച്ച് നല്‍കും. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ഭരണഘടന തകര്‍ക്കാനാണ് നരേന്ദ്രമോദിയും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ രാജ്യത്തെ മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ക്കെതിരെ മോദി വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എസ് .സി എസ് .ടി സംവരണം കുറക്കുമെന്നും ജനങ്ങളുടെ സ്വത്തെല്ലാം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കായി വിഭജിച്ചു കൊടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

മോദി പറഞ്ഞുകൊണ്ടിരിക്കുന്ന 400 സീറ്റ് ഉന്നമിടുന്നത് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. അധികാരത്തില്‍ വന്നാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തുകയാണ് ബി.ജെ.പിയുടെ പ്രധാനലക്ഷ്യമെന്നും ഖാര്‍ഗെ പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഇത്തരത്തിലൊരു വിമര്‍ശനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉന്നയിച്ചത് .

Content Highlight: Rahul Gandhi Criticise Narendra Modi

We use cookies to give you the best possible experience. Learn more