| Thursday, 15th April 2021, 11:13 am

ആശുപത്രിയില്‍ പരിശോധനയുമില്ല, ഓക്‌സിജനുമില്ല, എവിടെപ്പോയി പി.എം കെയര്‍ ഫണ്ട്; കേന്ദ്രസര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പി.എം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ആശുപത്രിയില്‍ പരിശോധനകളോ കിടക്കകളോ ഇല്ല, വെന്റിലേറ്ററുകളില്ല, ഓക്‌സിജനുമില്ല, വാക്‌സിനും ഇല്ല, ആകെ ഒരു ഉത്സവ ഭാവം മാത്രം. പി.എം കെയര്‍ ഫണ്ട് എവിടെയാണ്,’ രാഹുല്‍ ചോദിച്ചു.

രാജ്യം കൊവിഡ് വ്യാപനത്തില്‍ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായി പ്രതിദിന നിരക്ക് രണ്ട് ലക്ഷം കടന്നു.

24 മണിക്കൂറിനിടെ 200739 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1038 മരണമാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് വാക്‌സിന്‍ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. വാക്‌സിന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ വാക്‌സിനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്.

അമേരിക്ക, യു.കെ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്റര്‍മാരും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്‌സിനുകളെല്ലാം രാജ്യത്ത് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. നിലവില്‍ ആസ്ട്രാസെനകയുടെ കൊവിഷീല്‍ഡും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്തെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.

45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഘട്ടമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്.

വാക്‌സിന്‍ ക്ഷാമത്തില്‍ വലയുകയാണ് രാജ്യത്തെ പല സംസ്ഥാനങ്ങളും. കുറച്ച് ദിവസങ്ങളായി ഒരുലക്ഷത്തിലേറെ പേര്‍ക്ക് ദിവസേന രാജ്യത്ത് രോഗം ബാധിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi Covid P Care Fund Narendra Modi

We use cookies to give you the best possible experience. Learn more