| Monday, 7th June 2021, 10:09 pm

എന്തിനാണു വാക്‌സിനില്‍ സ്വകാര്യ ആശുപത്രികള്‍ക്കു 25% സംവരണം; ചോദ്യവുമായി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാണെന്നു പ്രഖ്യാപിക്കുമ്പോള്‍ എന്തിനാണു സ്വകാര്യ ആശുപത്രികള്‍ പണം ഈടാക്കണമെന്നു പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പുതിയ വാക്സിന്‍ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു സംവരണം ചെയ്തിരുന്നു. ഇതിനെതിരെയാണു രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

നേരത്തെ സമാന ചോദ്യവുമായി കേരള മുന്‍ ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു.

‘സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യുന്നതിനായി കേന്ദ്രീകൃത വാക്സിന്‍ സംഭരണത്തിലേക്ക് മടങ്ങാന്‍ കേന്ദ്രം നിര്‍ബന്ധിരായിരിക്കുകയാണ്. എന്നാല്‍, എന്തുകൊണ്ടാണു ഇതില്‍ സ്വകാര്യ ആശുപത്രികള്‍ക്കു 25% സംവരണം?,’ എന്നായിരുന്നു ഐസക് ചോദിച്ചത്.

ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിദേശത്തു നിന്നു കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വാക്സിനു വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതു തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞിരുന്നു.

ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rahul Gandhi Covid Free Vaccine

We use cookies to give you the best possible experience. Learn more