ന്യൂദല്‍ഹി: ബ്രസീല്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ ജയം നേടിയ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്ക്(Luiz Inácio Lula da Silva) അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിജയമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബ്രസീലിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഇത് ദരിദ്രരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും വിജയമാണ്.
സാമൂഹിക നീതിയുടെ വിജയമാണ്. നിയുക്ത പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് എന്റെ ആശംസകള്‍,’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
അതേസമയം, തീവ്ര വലതുപക്ഷ നേതാവും നിലവിലെ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ (Jair Bolsonaro) തോല്‍പിച്ചുകൊണ്ടാണ് ലുല പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.
രണ്ട് ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു.