| Thursday, 28th March 2019, 5:54 pm

പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരാണ് ബി.ജെ.പി; തൊഴിലുറപ്പ് പദ്ധതിയുടെ കരട് രേഖ തയ്യാറാക്കിയ സാമ്പത്തിക ശാസ്ത്രജ്ഞന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാര്‍ഖണ്ഡ്: മാതൃകാ പെരുമാറ്റ ചട്ട ലംഘനം ആരോപിച്ച് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ദ്രേസിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം. ദ്രേസിന്റെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നതാണെന്നും, പാവങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി യുദ്ധം ചെയ്യുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

യു.പി.എ സര്‍ക്കാറിന്റെ കാലത്തെ ദേശീയ ഉപദേശക കൗണ്‍സിലിലെ അംഗമായിരുന്ന ജീനിനെ ഇന്ന് രാവിലെ പശ്ചിമ ജാര്‍ഖണ്ഡിലെ ഗവര്‍വയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

അധികാരികളില്‍ നിന്ന് അനുമതി നേടാതെ പൊതു യോഗം വിളിച്ചതിനാണ് ജീനിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. ദ്രേസിനെക്കൂടാതെ മറ്റ് മൂന്ന് പേരെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദ്രേസിന്റെ അറസ്റ്റ് ഏറ്റവും നാണം കെടുത്തുന്ന സംഗതിയാണെന്ന് എ.എ.പി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. “പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നതിലും ഭീകരമാണിത്. ജീന്‍ ദ്രേസ് ഒരു സന്ന്യാസിയായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. നൊബേല്‍ സമ്മാനം ലഭിക്കാന്‍ യോഗ്യതയുള്ള ചേരികളില്‍ താമസിക്കുന്ന, മറ്റേതൊരു സാമ്പത്തിക ശാസ്ത്രജ്ഞനെക്കാളും പാവങ്ങള്‍ക്ക് വേണ്ടി എഴുതിയതും സംസാരിച്ചതുമായ ഒരാളാണ് അദ്ദേഹം. എല്ലാ അധികാരവും, പ്രശസ്തിയും വേണ്ടെന്നു വെച്ചയാള്‍. അദ്ദേഹം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചയാളും, സമാധാനപ്രിയനുമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിലും നാണം കെട്ടതായി വേറൊന്നുമില്ല”- യോഗേന്ദ്ര യാദവ് ട്വിറ്ററില്‍ കുറിച്ചു.

ഭക്ഷണത്തിനു വേണ്ടിയുള്ള അവകാശത്തിനായുള്ള ദ്രേസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശസ്തമാണ്. ബെല്‍ജിയത്തില്‍ ജനിച്ച ദ്രേസ് നിലവില്‍ ദല്‍ഹി സര്‍വകലാശാലയിലെ ഹോണററി പ്രഫസറും റാഞ്ചി സര്‍വകലാശാലയിലെ വിസിറ്റിങ്ങ് പ്രഫസറുമാണ്. അദ്ദേഹം ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ അധ്യാപകന്‍ കൂടിയായിരുന്നു ദ്രേസ്. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയ അമൃത്യ സെന്നുമായി ചേര്‍ന്ന് “ദ്രേസ് ഹങ്കര്‍ ആന്റ് പബ്ലിക്ക് ആക്ഷന്‍” എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

അനുമതി ആവശ്യപ്പെട്ടു കൊണ്ട് അധികൃതരെ സമീപിച്ചിരുന്നെങ്കിലും പ്രതികരണമൊന്നു ലഭിക്കാഞ്ഞതിനാല്‍ പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പുറത്തിറങ്ങിയ ദ്രേസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടു മണിക്കൂറുകള്‍ ശേഷമാണ് ദ്രേസിനെയും മറ്റു രണ്ടു പേരെയും പൊലീസ് വിട്ടയച്ചത്.

“ഭക്ഷണം എന്ന അടിസ്ഥാന അവകാശത്തിനു വേണ്ടി പോലും കക്ഷി രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത ചര്‍ച്ചകള്‍ നടത്തുന്നതിന് അവകാശമില്ലെങ്കില്‍ ജനാധിപത്യത്തിന് ഒരു അര്‍ത്ഥവുമില്ല”- ദ്രേസ് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.

We use cookies to give you the best possible experience. Learn more