| Monday, 13th January 2025, 9:38 pm

അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ച് രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും കെജ്‌രിവാളും തെറ്റായ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ചെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മിനിറ്റുകൾക്ക് ശേഷം, രാഹുൽ ഗാന്ധി തന്നെ അധിക്ഷേപിച്ചുവെന്ന് കെജ്‌രിവാൾ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

വടക്കുകിഴക്കൻ ദൽഹിയിലെ സീലംപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി, രാജ്യവ്യാപകമായ ജാതി സെൻസസ് വിഷയത്തെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു. പ്രധാനമന്ത്രി മോദിയിൽ നിന്നും കെജ്‌രിവാളിൽ നിന്നും താൻ ജാതി സെൻസസിനെക്കുറിച്ച് ഒരു വാക്കുപോലും കേട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘പിന്നാക്കക്കാർക്കുള്ള സംവരണവും ജാതി സെൻസസും വേണോ എന്ന് നിങ്ങൾ കെജ്‌രിവാൾ ജിയോട് ചോദിക്കുന്നു. ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി മോദിയിൽ നിന്നും കെജ്രിവാളിൽ നിന്നും ഒരു വാക്ക് പോലും ഞാൻ കേൾക്കുന്നില്ല. കെജ്‌രിവാളും പ്രധാനമന്ത്രി മോദിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. ഇരുവരും തെറ്റായ വാഗ്ദാനങ്ങളാണ് നൽകുന്നത്,’ രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി മോദിയും കെജ്‌രിവാളും പണപ്പെരുപ്പം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്‌തെന്നും അതിൽ നിന്ന് പരാജയപ്പെട്ടെന്നും ഇന്ത്യയിൽ ദരിദ്രർ കൂടുതൽ ദരിദ്രരും സമ്പന്നർ കൂടുതൽ സമ്പന്നരുമാകുകയാണെന്നും റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

പിന്നോക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും അർഹത ലഭിക്കാൻ പ്രധാനമന്ത്രി മോദിയും കെജ്‌രിവാളും ആഗ്രഹിക്കുന്നില്ല. ജാതി സെൻസസിൽ അവർ നിശബ്ദരാണ്, ദൽഹിയിൽ തങ്ങളുടെ പാർട്ടി സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസ് സംവരണ പരിധി ഉയർത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സോളാർ എനർജി കരാറുകൾ ലഭിക്കുന്നതിന് 265 മില്യൺ യു.എസ് ഡോളർ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലി നൽകിയതിന് വ്യവസായി ഗൗതം അദാനിയുടെ കേസിൽ കെജ്‌രിവാൾ മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Content Highlight: Rahul Gandhi compares Arvind Kejriwal to PM over ‘fake promises’, he hits back

We use cookies to give you the best possible experience. Learn more