| Thursday, 15th November 2018, 10:18 am

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞിട്ടില്ല; രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്ന് സവര്‍ക്കറുടെ ബന്ധു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജയിലില്‍ നിന്ന് മോചിപ്പിക്കാനായി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു ചോദിച്ചിട്ടില്ലെന്ന് സവര്‍ക്കറുടെ ബന്ധു. ഇതുസംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നും ഇതിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സവര്‍ക്കറുടെ സഹോദരീ പുത്രന്റെ പുത്രന്‍ രഞ്ജീത് സവര്‍ക്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ബി.ജെ.പി ആദരിക്കുന്ന ഹിന്ദുത്വ നേതാവ് സവര്‍ക്കറെ അവഹേളിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗന്ധിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് രഞ്ജീത് സവര്‍ക്കര്‍.

“ജയിലില്‍ നിന്നും മോചിപ്പിക്കാനായി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞെന്ന് കഴിഞ്ഞദിവസം ഒരു തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അത് തെറ്റാണ്. സവര്‍ക്കര്‍ജിയെ 27 വര്‍ഷം ബ്രിട്ടീഷുകാര്‍ ജയിലിലിട്ടിരുന്നു. സവര്‍ക്കര്‍ജിയെ അപകീര്‍ത്തിപ്പെടുത്തിയതിന് അദ്ദേഹത്തിനെതിരെ ഞാനൊരു പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.” രഞ്ജീത് സവര്‍ക്കര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

മുംബൈ ശിവാജി പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ ജയിലില്‍ കഴിയുമ്പോള്‍ ദേശസ്‌നേഹത്തിന്റെ പ്രതീകമായി ബി.ജെ.പി ആദരിക്കുന്ന സവര്‍ക്കര്‍ ജയിലില്‍ നിന്നും തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പെഴുതി നല്‍കുകയാണുണ്ടായതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Also Read:ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍വെച്ച് വി.ഡി സവര്‍ക്കര്‍ എഴുതിയ കത്ത് വായിക്കാം

“പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ സവര്‍ക്കറുടെ ചിത്രം വെച്ചു. ബ്രിട്ടീഷുകാര്‍ രാജ്യം ഭരിക്കുന്ന സമയത്ത് എല്ലാ കോണ്‍ഗ്രസ് നേതാക്കളും തടവില്‍ കഴിയവേ ഈ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കുകയാണ് ചെയ്തത്. അദ്ദേഹം “വീര്‍” സവര്‍ക്കറല്ല” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

ബ്രിട്ടീഷുകാര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നാണ് സവര്‍ക്കര്‍ മാപ്പപേക്ഷയില്‍ എഴുതി നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

” ഞാന്‍ മാപ്പു ചോദിക്കുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഇനി ഇടപെടില്ല. ജയിലില്‍ നിന്നും എന്നെ മോചിപ്പിക്കണം. കൂപ്പുകൈകളോടെ ഞാന്‍ നിങ്ങളുടെ കാലുപിടിക്കാം. ദയവായി എന്നെ ജയിലില്‍ നിന്നും മോചിപ്പിക്കണം. മറുവശത്ത് ഗാന്ധിജി, നെഹ്‌റു, അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ എന്നിവരെല്ലാം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയായിരുന്നു.” എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

We use cookies to give you the best possible experience. Learn more