| Monday, 13th January 2020, 6:35 pm

'മിസ്റ്റര്‍ മോദീ, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ചെന്ന് സമ്പദ് വ്യവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യമുണ്ടോ'; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തെ ഏതെങ്കിലുമൊരു സര്‍വകലാശാലയിലേക്ക് കടന്നുചെല്ലാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തികാവസ്ഥയുടെ തകര്‍ച്ചയിലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയിലും രോഷാകുലരായിരിക്കുന്ന വിദ്യാര്‍ത്ഥികളോട് നേരിട്ട് മറുപടി പറയാനാണ് രാഹുല്‍ഗാന്ധി മോദിയോട് ആവശ്യപ്പെട്ടത്.

‘രാജ്യത്തെ സര്‍വകലാശാലകളിലെ യുവാക്കളുടെ മുന്നില്‍ നേരിട്ടുചെന്ന് നില്‍ക്കാനും സാമ്പത്തികാവസ്ഥ ഇത്രകണ്ട് മോശമാകാനുള്ള കാരണം വ്യക്തമാക്കാനുമുള്ള ധൈര്യം കാണിക്കണം. അത് ചെയ്യാനുള്ള മനക്കരുത്ത് അദ്ദേഹത്തിനില്ല. ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്, ഈ രാജ്യത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്ന് ആളുകളോട് വ്യക്തമാക്കാന്‍ അദ്ദേഹത്തിനാകുമോ’, രാഹുല്‍ഗാന്ധി പറഞ്ഞു.

യുവാക്കള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ശ്രമിക്കാതെ, രാജ്യത്തിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. യുവാക്കളുടെ ശബ്ദം ന്യായമുള്ളതാണ്. അത് കേള്‍ക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 20 പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ തുടങ്ങി രാജ്യത്തെ സമകാലിക രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more