| Thursday, 23rd March 2023, 11:34 am

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൂറത്ത്: 2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പേരിനെ അപമാനിച്ച് സംസാരിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് കോടതി. രണ്ട് വര്‍ഷം തടവിനാണ് കോടതി ഉത്തരവിട്ടത്. പിന്നാലെ കോടതി ജാമ്യം അനുവദിച്ചു. ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തത്.

രാജ്യത്തെ കള്ളന്മാര്‍ക്കൊക്കെ എന്തുകൊണ്ടാണ് മോദിയെന്ന സര്‍നെയിം ഉള്ളതെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ലളിത് മോദിയെയും നീരവ് മോദിയെയും പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. കേസില്‍ ഐ.പി.സി 499, 500 വകുപ്പുകള്‍ പ്രകാരമാണ് ഗുജറാത്ത് പൊലീസ് രാഹുലിനെതിരെ കേസെടുത്തിരുന്നത്.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റ വിവാദ പരാമര്‍ശമുണ്ടായത്. സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ പതിനായിരം രൂപയുടെ ബോണ്ടില്‍ രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. സിറ്റിങ് എം.പി എന്ന നിലക്ക് വിധിയില്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതില്ലെന്നും 30 ദിവസത്തിനുള്ളില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാമെന്നും സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

2022ല്‍ കേസിലെ തുടര്‍നടപടികള്‍ക്ക് മേല്‍ ഗുജറാത്ത് ഹൈക്കോടതി സ്‌റ്റേ  ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണ് കേസില്‍ രാഹുല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി വിധിച്ചത്. ഇതിനെതിരെ രാഹുലിന്റെ അഭിഭാഷകന്‍ നല്‍കിയ ഹരജി കോടതി തള്ളുകയും ചെയ്തിരുന്നു.

Content Highlight: rahul gandhi case gujarath court

We use cookies to give you the best possible experience. Learn more