| Monday, 27th March 2023, 8:33 am

'രാഹുല്‍ ഗാന്ധിക്ക് തന്റെ സ്വപ്‌നത്തില്‍ പോലും സവര്‍ക്കറാകാന്‍ കഴിയില്ല': അനുരാഗ് താക്കൂർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സവര്‍ക്കറിനെതിരായ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ.

തന്റെ വിദൂര സ്വപ്‌നങ്ങളില്‍ പോലും രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കറാകാന്‍ കഴിയില്ലെന്നാണ് അനുരാഗ് താക്കൂർ പറഞ്ഞത്. നിശ്ചയദാര്‍ഢ്യത്തിന്റെയും അളവറ്റ ദേശഭക്തിയുടെയും മാതൃരാജ്യത്തോടുള്ള കൂറിന്റെയും പേരാണ് സവര്‍ക്കറെന്നും അനുരാഗ് ട്വിറ്ററില്‍ കുറിച്ചു.

വര്‍ഷത്തില്‍ ആറ് മാസം അവധിയാഘോഷിച്ച് വിദേശത്ത് കഴിയുകയോ സ്വന്തം രാജ്യത്ത് വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെടുകയോ ചെയ്ത നേതാവായിരുന്നില്ല സവര്‍ക്കറെന്നും രാഹുലിനെ വിമര്‍ശിച്ച് അനുരാഗ് പറഞ്ഞു.

ബ്രിട്ടനിലായിരുന്നപ്പോഴും സ്വന്തം മാതൃരാജ്യത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള യുദ്ധത്തിലായിരുന്നു സവര്‍ക്കറെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ എല്ലാ നേതാക്കന്‍മാര്‍ക്കും സവര്‍ക്കറിന്റെ ദേശസ്‌നേഹത്തെയും ധീരതയെയും കുറിച്ചറിയാമായിരുന്നെന്നും അനുരാഗ് ട്വീറ്റ് ചെയ്തു.

1923ലെ കോണ്‍ഗ്രസിന്റെ കാക്കിനാഡ സമ്മേളനത്തില്‍ സവര്‍ക്കറെ ആദരിച്ച് പ്രമേയം പാസാക്കിയതിനെയും താക്കൂർ തന്റെ ട്വീറ്റുകളില്‍ പരാമര്‍ശിച്ചു.

സവര്‍ക്കറിനെ അപകീര്‍ത്തിപ്പെടുത്തുന്നതിലൂടെ രാഹുല്‍ തന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യമാണ് മറന്നു കളയുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

‘സവര്‍ക്കറിന്റെ ധീരതയെ പ്രശംസിച്ച് കൊണ്ട് ഇന്ദിരാ ഗാന്ധിയെഴുതിയ കത്ത് രാഹുല്‍ ഗാന്ധി വായിച്ചിട്ടുണ്ടാകുമോ, സവര്‍ക്കറെപ്പോലൊരു ദേശസ്‌നേഹിയെ താനുമായി സ്വയം താരതമ്യം ചെയ്യുന്നത് വലിയ ഒരു തെറ്റാണെന്ന് രാഹുല്‍ മനസിലാക്കണം. ഇന്ദിരാ ഗാന്ധി സവര്‍ക്കറിന്റെ സംഭാവനകളെ തിരിച്ചറിയുക മാത്രമല്ല, സവര്‍ക്കറിന്റെ ഓര്‍മക്കായി സ്റ്റാമ്പ് പുറത്തിറക്കുകയും ചെയ്തു,’ അനുരാഗ് കൂട്ടിച്ചേര്‍ത്തു.

മോദി സര്‍നെയിം പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിരുന്നെങ്കില്‍ അവസാനിക്കുമായിരുന്ന വിഷയത്തിന്റെ പുറത്താണ് ഇപ്പോള്‍ രാഹുല്‍ അയോഗ്യനാക്കപ്പെട്ടതെന്ന് അഭിപ്രായപ്പെട്ട് പല ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്നാണ് രാഹുല്‍ ഇതിന് മറുപടി പറഞ്ഞത്. ഇതിനെതിരെയായിരുന്നു താക്കൂറിന്റെ പ്രതികരണം. നേരത്തെയും സവര്‍ക്കറുമായി ബന്ധപ്പെട്ട് രാഹുല്‍ സമാന പരാമര്‍ശം നടത്തിയിരുന്നു.

Content Highlights: ‘Rahul Gandhi cannot become Savarkar even in his dreams’: Anurag Thakur

We use cookies to give you the best possible experience. Learn more