| Sunday, 18th April 2021, 12:38 pm

കൊവിഡ് വ്യാപനം; ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി എം.പി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ എന്റെ എല്ലാ പൊതു റാലികളും ഞാന്‍ നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും ഞാന്‍ നിര്‍ദേശിക്കുന്നു,’ രാഹുല്‍ ട്വിറ്റ് ചെയ്തു.

അതേസമയം, പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടന്നു. കൊവിഡ് അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല.

രാജ്യത്ത് കൊവിഡ് സ്ഥിതി ഗുരുതരമാകുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധികം പുതിയ രോഗികളാണ് രാജ്യത്ത് ഉണ്ടായത്. കഴിഞ്ഞ ദിവസം മാത്രം 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: Rahul Gandhi cancels all election campaign rallies in West Bengal in the view of Covid 19
We use cookies to give you the best possible experience. Learn more