കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തന്റെ പൊതു റാലികളെല്ലാം റദ്ദാക്കിയതായി രാഹുല്‍ ഗാന്ധി എം.പി അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.
‘കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ എന്റെ എല്ലാ പൊതു റാലികളും ഞാന്‍ നിര്‍ത്തുകയാണ്. നിലവിലെ സാഹചര്യങ്ങളില്‍ വലിയ പൊതു റാലികള്‍ നടത്തുന്നതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളോടും ഞാന്‍ നിര്‍ദേശിക്കുന്നു,’ രാഹുല്‍ ട്വിറ്റ് ചെയ്തു.
അതേസമയം, പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച നടന്നു. കൊവിഡ് അതീവ ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബംഗാളില്‍ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന് മമത തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമതയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല.