| Sunday, 14th October 2018, 11:35 am

കേന്ദ്രം എച്ച്.എ.എല്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: മോദി സര്‍ക്കാരിനെതിരെ എച്ച്.എ.എല്‍ ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: റാഫേല്‍ കരാര്‍ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്.എ.എല്ലിന് കൊടുക്കാതെ റിലയന്‍സിനെ സഹായിച്ച മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജീവനക്കാര്‍.

കേന്ദ്രം പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധിയുമായി ബംഗളൂരുവില്‍ നടന്ന കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഒക്ടോബര്‍ 22ന് തങ്ങള്‍ സമരത്തിനിറങ്ങുമെന്നും ജീവനക്കാര്‍ പറഞ്ഞു.

റാഫേല്‍ എച്ച്.എ.എല്ലിന്റെ അവകാശമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എയറോസ്‌പേസ് രംഗത്ത് ഇന്ത്യയുടെ അമൂല്ല്യ സ്വത്താണ് എച്ച്.എ.എല്ലെന്നും രാഹുല്‍ പറഞ്ഞു.

റാഫേല്‍ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെ പറ്റി ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തങ്ങളെ അവഗണിച്ചുവെന്നും അലോസരപ്പെടുത്തിയെന്നും ജീവനക്കാര്‍ രാഹുലിനോട് പ്രതികരിച്ചു.

” ഇത് എച്ച്.എ.എല്ലിനെ അപമാനിക്കലാണ്. പാകിസ്താന്‍ Sabre ജെറ്റുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങിയപ്പോള്‍, എച്ച്.എ.എല്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം നിന്ന് അത്യാധുനിക ഫൈറ്റര്‍ ജെറ്റുകള്‍ വികസിപ്പിച്ച് നല്‍കി” ജീവനക്കാര്‍ പറഞ്ഞു.

ഡി.ആര്‍.ഡി.ഒയും കൂടുതല്‍ സ്വകാര്യവത്ക്കരിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ജീവനക്കാരിലൊരാള്‍ പറഞ്ഞു. “നേരത്തെ തങ്ങള്‍ അത്യാധുനിക ഫൈറ്റര്‍ജെറ്റുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. MIG-21നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ റഷ്യവരെ ഞങ്ങളെ അഭിനന്ദിച്ചിരുന്നു.”

റാഫേല്‍ കരാറിന് വേണ്ടി ഞങ്ങള്‍ ഇരക്കുകയല്ല. മറിച്ച് എച്ച്.എ.എല്‍ അതര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന് ആയുധങ്ങളും ടെക്‌നോളജിയും കൈമാറിയതിന്റെ ചരിത്രം അതിനുണ്ട്. കരാര്‍ എച്ച്.എ.എല്ലിന് ലഭിക്കുകയായിരുന്നെങ്കില്‍ രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരമുണ്ടാകുമായിരുന്നുവെന്ന് മുന്‍ ജീവനക്കാരനായിരുന്ന സിറജുദ്ദീന്‍ എന്നയാള്‍ പറഞ്ഞു.

അമേരിക്ക പോലും എച്ച്.എ.എല്ലില്‍ നിര്‍മിച്ച പ്രതിരോധ സാമഗ്രികള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more