ചെന്നൈ: പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് സന്ദര്‍ശിക്കുന്നതിനിടെ ജെല്ലിക്കെട്ടിനെ പ്രശംസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചര്‍ച്ചയാകുന്നു. ജെല്ലിക്കെട്ട് വളരെ സുരക്ഷിതമായി സംഘടിപ്പിച്ചിരിക്കുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. ജെല്ലിക്കെട്ട് വിഷയത്തില്‍ പാര്‍ട്ടിയുടെ മുന്‍ നിലപാടും രാഹുലിന്റെ പ്രസ്താവനയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെയാണ് വിഷയം വ്യാപകമായി ചര്‍ച്ചയാകുന്നത്.
‘തമിഴ് സംസ്‌കാരവും ചരിത്രവും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുന്നു. ജെല്ലിക്കെട്ട് വളരെ സുരക്ഷിതമായി സംഘടിപ്പിച്ചിരിക്കുന്നു. കാളയ്ക്കും ആഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കൃത്യമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്’, എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
എന്നാല്‍ 2016 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനം ജെല്ലിക്കെട്ട് നിരോധനമായിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ജെല്ലിക്കെട്ട് നിരോധിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
അതേസമയം തമിഴ് സംസ്‌കാരത്തെയും ഭാഷയേയും അകറ്റിനിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അതിനെ മറികടക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നുമായിരുന്നു തമിഴ്നാട് സന്ദര്‍ശനവേളയില്‍ രാഹുല്‍ പറഞ്ഞത്. ഇനിയും താന്‍ തമിഴ്നാട്ടില്‍ വരുമെന്നും ഇവിടുത്തെ ജനങ്ങളെയും സംസ്‌കാരത്തെയും കൂടുതല്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധുരയിലാണ് ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ നടക്കുന്നത്. ജെല്ലിക്കെട്ടില്‍ രാഹുലിന്റെ സാന്നിദ്ധ്യം കര്‍ഷകരോടുള്ള പിന്തുണ ഒന്നുകൂടി ഊട്ടിയുറപ്പിക്കുമെന്ന് പാര്‍ട്ടിയുടെ തമിഴ്നാട് മേധാവി കെ.എസ് അളഗിരി പറഞ്ഞിരുന്നു.
കര്‍ഷകരുടെയും കാര്‍ഷികവൃത്തിയുടെയും പ്രതീകമാണ് കാള. രാഹുലിന്റെ സന്ദര്‍ശനം കര്‍ഷകരോടുള്ള പിന്തുണയുടെ ഭാഗമാണ്. ഈ കൊയ്ത്തുത്സവ(പൊങ്കല്‍) സമയത്ത് തന്നെ അദ്ദേഹം എത്തുന്നതും ഞങ്ങള്‍ക്ക് അഭിമാനമാണ്, അളഗിരി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയല്ല രാഹുല്‍ തമിഴ്നാട് സന്ദര്‍ശിക്കുന്നതെന്നും അളഗിരി വ്യക്തമാക്കി. അദ്ദേഹം ഒരു പ്രചാരണവേദികളിലും പങ്കെടുക്കില്ലെന്നും അളഗിരി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ രാഹുല്‍ തമിഴ്നാട് സന്ദര്‍ശിക്കുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നതാണെന്നും ഈ സന്ദര്‍ശനത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിയോജിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങളോടെ മാത്രമെ ഇത്തവണ ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ നടത്താന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150ല്‍ കൂടാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പങ്കെടുക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മാട്ടുപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള പരമ്പരാഗത കാള മെരുക്കല്‍ വിനോദമാണു ജെല്ലിക്കെട്ട്. ഇതു മൃഗപീഡനമാണെന്ന പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്) യുടെ പരാതിയില്‍ 2014-ല്‍ സുപ്രീം കോടതി വിലക്കി. ഇതിനെതിരായ തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധി സര്‍ക്കാരിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക