ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനായി എത്തിച്ച ഇ.വി.എമ്മുകള്‍ പല തരത്തിലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ സംഭവിച്ച ഗുരുതരമായ പല പ്രശ്‌നങ്ങളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളം ആയിരക്കണക്കിന് ഇ.വി.എമ്മുകളാണ് കേടായത്. പലയിടത്തും അട്ടിമറി ആരോപണം ഉയര്‍ന്നിരിക്കുന്നു. ബൂത്തുകളിലേക്ക് എത്തിക്കുന്ന ഇ.വി.എമ്മുകള്‍ യാത്രാമധ്യേ കാണാതാവുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറുകള്‍ കഴിയുന്നതിനകം സ്‌ട്രോങ് റൂമുകളില്‍ നിന്നും ട്രക്കുകളില്‍ കയറ്റി ഇ.വി.എം കൊണ്ടുപോകുന്നു. എന്തെല്ലാമാണ് ഇവിടെ നടക്കുന്നത്?
തെരഞ്ഞെടുപ്പ് സുഗമമായും സത്യസന്ധമായും നടക്കേണ്ട ഒന്നാണ്. അക്കാര്യത്തില്‍ സംശയമില്ല. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് തെരഞ്ഞെടുപ്പ്. അതില്‍ ഒരു സംശയമോ ആരോപണമോ ഒരു തരത്തിലും ഉയരാന്‍ പാടില്ല. – ജനതാ കാ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ വിഷയം തീര്‍ച്ചയായും ലോക്‌സഭയില്‍ ഉന്നയിച്ചിരിക്കുമെന്നും തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയം തന്നെയാണ് ഇതെന്നും രാഹുല്‍ പറഞ്ഞു. ” ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുകയാണ് പുതിയ ലോക്‌സഭയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയമായി തന്നെ ഇത് അവതരിപ്പിക്കപ്പെടും- രാഹുല്‍ പറഞ്ഞു.
പശ്ചിമബംഗാളില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിക്കുള്ള പിന്തുണയും രാഹുല്‍ അറിയിച്ചു. പശ്ചിമ ബംഗാളില്‍ നടക്കുന്നത് ബി.ജെ.പി സ്‌പോര്‍സര്‍ ചെയ്ത അക്രമമാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി പറയുന്നത് അനുസരിച്ച് നീങ്ങുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
”തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശരിയാണെന്ന് തോന്നുന്നില്ല. നരേന്ദ്ര മോദിയുടെ കാമ്പയിന് അനുമതി നല്‍കുന്നു. അതേസമയം മറ്റു പാര്‍ട്ടികളെ വിലക്കുകയും ചെയ്യുന്നു. ഇത് ശരിയല്ല- രാഹുല്‍ പറഞ്ഞു.