| Wednesday, 30th December 2020, 11:07 am

'കേന്ദ്രം പേടിച്ചു തുടങ്ങി'; കര്‍ഷകരെ നക്‌സലുകളെന്നും ഖലിസ്ഥാനികളെന്നും വിളിച്ചിട്ടില്ലെന്ന് രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ നക്‌സലുകളെന്നു ഖലിസ്ഥാനികളെന്നും വിളിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും അവരെ ആരും ഒരിക്കലും അങ്ങനെ വിളിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

” സമരം ചെയ്യുന്ന കര്‍ഷകരെ ഖലിസ്ഥാനികളെന്നും നക്‌സലുകളെന്നും വിളിച്ചിട്ടില്ല. അത്തരം ആരോപണങ്ങള്‍ കര്‍ഷകര്‍ക്കെതിരെ ആരും ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. കര്‍ഷകരെ അത്രയധികം ബഹുമാനിക്കുന്ന സര്‍ക്കാരാണ് ഞങ്ങളുടേത്.

കര്‍ഷകരോടുള്ള ബഹുമാനത്തില്‍ ഞങ്ങള്‍ തലകുനിക്കുക പോലും ചെയ്യും. അവര്‍ നമ്മുടെ അന്നദാതാക്കളാണ്,” രാജ്‌നാഥ് സിങ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിങിന്റെ പ്രതികരണം.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ അന്തരാഷ്ട്ര നേതാക്കളുടെ ഇടയില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെയും രാജ്‌നാഥ് സിങ് തള്ളിക്കളഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റു രാജ്യക്കാര്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തുന്ന ഇടപെടലുകളെയും രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. ”കര്‍ഷക കുടുംബത്തില്‍ ജനിച്ച എനിക്ക് രാഹുലിനേക്കാള്‍ നന്നായി കൃഷിക്കാരെ അറിയാം. രാഹുല്‍ ജനിച്ചത് ഒരു സമ്പന്ന കുടുംബത്തിലാണ്.

ഞാനൊരു കര്‍ഷകന്റെ മകനാണ്.എനിക്കൊരിക്കലും കര്‍ഷകര്‍ക്ക് ദോഷം വരുന്ന തീരുമാനം എടുക്കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു ദരിദ്രയായ അമ്മയുടെ മകനായാണ് ജനിച്ചത്,” രാജ്‌നാഥ് സിങ് പറഞ്ഞു.

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്രത്തിനെ സംബന്ധിച്ച് ഇന്ന് നടക്കാനിരിക്കുന്ന ചര്‍ച്ച വളരെ നിര്‍ണായകമാണ്. ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടെടുത്ത കര്‍ഷകര്‍ കേന്ദ്രത്തിന്റെ നിരന്തരമുള്ള അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെയാണ് ഒരുവട്ടം കൂടി ചര്‍ച്ചയ്ക്ക് തയ്യാറായത്.

ആദ്യം ചൊവ്വാഴ്ചയായിരുന്നു ചര്‍ച്ച വെച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നരേം ചര്‍ച്ച മാറ്റുകയായിരുന്നു.

ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്.

നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi born rich, I’m a farmer’s son, Modi govt can never go against annadatas: Rajnath Singh

We use cookies to give you the best possible experience. Learn more