| Monday, 19th August 2024, 9:27 pm

ഗിഗ് തൊഴിലാളികളുടെ ദുരവസ്ഥ ഉയർത്തി കാട്ടി രാഹുൽ ഗാന്ധി; ഊബർ യാത്രയ്ക്കിടെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഗിഗ് തൊഴിലാളികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ നയങ്ങൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഊബറിൽ താൻ നടത്തിയ യാത്രയുടെയും ഡ്രൈവറുമായുള്ള ആശയവിനിമയത്തിൻ്റെയും വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഗിഗ് തൊഴിലാളികൾക്ക് വേണ്ടി സംസാരിച്ചത്.

ഊബർ യാത്രയ്ക്കിടെ ഡ്രൈവർ സുനിൽ ഉപാധ്യായുമായി നടത്തിയ ചർച്ചക്ക് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിക്കുകയും ചെയ്തു. പിന്നാലെ ക്യാബ് ഡ്രൈവർമാർ പോലുള്ള ഗിഗ് തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

പതിനൊന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ ഊബർ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യുന്നതും ശേഷം രാഹുൽ ഗാന്ധി ഗാന്ധി ക്യാബ് സവാരി നടത്തുന്നതായി കാണാം. ഉത്തർപ്രദേശിലെ ഇറ്റാഹ് സ്വദേശിയായ ക്യാബ് ഡ്രൈവറുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ഡ്രൈവറുടെ പ്രശ്നങ്ങൾ ചോദിക്കുകയും ചെയ്യുന്നതായും വിഡിയോയിൽ കാണാം.

സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും കുറഞ്ഞ നിരക്കിലുള്ള യാത്രാക്കൂലിയാണ് ലഭിക്കുന്നതെന്നും ഇത് കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ലെന്നും അദ്ദേഹം രാഹുൽ ഗാന്ധിയോട് പറഞ്ഞു. ദൽഹിയിൽ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനുള്ള ചിന്തകളെക്കുറിച്ചും അദ്ദേഹം പറയുന്നു. രാഹുൽ ഗാന്ധി യാത്ര അവസാനിപ്പിച്ച് ക്യാബ് ഡ്രൈവറുടെ മക്കൾക്ക് ഒരു സമ്മാനം കൈമാറുന്നതായും ദൃശ്യത്തിൽ കാണാം.

പിറ്റേദിവസം ദൽഹിയിലെ ഒരു ഭക്ഷണശാലയിൽ ക്യാബ് ഡ്രൈവറുടെ കുടുംബത്തോടൊപ്പം ഗാന്ധി ഉച്ചഭക്ഷണം കഴിച്ചു. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ ഗിഗ് തൊഴിലാളികളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ താൻ പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി അവർക്ക് ഉറപ്പ് നൽകി.

ഗിഗ് തൊഴിലാളികൾക്ക് പെൻഷൻ നൽകണമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ഉപാധ്യായയെ അറിയിച്ചു. എന്ത് മാറ്റങ്ങളാണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ഉപാധ്യായയോട് ചോദിച്ചപ്പോൾ, മിനിമം വേതനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തുടർന്ന് കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകൾ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഉറച്ച നയങ്ങൾ വികസിപ്പിക്കുമെന്നും, ഈ നയങ്ങൾ രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനായി ഇന്ത്യ ജനബന്ധൻ പദ്ധതി നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Content Highlight: Rahul Gandhi books cab through ride-hailing app, highlights plight of drivers, gig workers

We use cookies to give you the best possible experience. Learn more