| Saturday, 28th March 2020, 4:42 pm

'സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത്'; തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാനഗരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ നടത്തുന്ന കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണിത് എന്നാണ് രാഹുല്‍ പ്രതികരിച്ചത്. സ്വദേശങ്ങളില്‍ എത്താനുള്ള സൗകര്യം ചെയ്തു കൊടുക്കാത്തതാണ് രാഹുലിന്റെ വിമര്‍ശനത്തിന് പിന്നില്‍. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൊഴിലാളികള്‍ നേടിടുന്ന ദുരിതം ബോധ്യപ്പെടുന്ന രണ്ട് ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. തങ്ങളുടെ സ്വദേശങ്ങളിലേക്ക് പോകുന്നതിന് വേണ്ടി ദല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം തമ്പടിച്ചിരിച്ചിരിക്കുന്ന നൂറ് കണക്കിന് പേരുടെ ചിത്രമാണ് ഇവ.

ഈ ദുരിതത്തിന്റെ സമയത്ത് നമ്മുടെ സഹോദരീ സഹോദരന്‍മാരുടെ ആത്മാഭിമാനമെങ്കിലും സംരക്ഷിക്കേണ്ടതുണ്ട്. ഇത് വളരെ മോശം അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പേ സര്‍ക്കാര്‍ വളരെ വേഗത്തില്‍ ഇടപെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരില്‍ ആയിരക്കണക്കിന് മനുഷ്യര്‍ തടിച്ചു കൂടിയതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടികളും വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. തൊഴിലാളികളെ അവരവരുടെ സ്വദേശങ്ങളിലേക്ക് എത്തിക്കാന്‍ 1000 ബസുകള്‍ ഏര്‍പ്പാട് ചെയ്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള സംവിധാനങ്ങളും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഗാസിയപൂരില്‍ എത്തി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബസുകള്‍ എത്തുന്നത് വരെ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ പ്രദേശത്തെ സ്‌കൂളുകള്‍ തുറന്നുകൊടുക്കുമെന്ന് സിസോദിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more